
കൊല്ലം: താന്നി സാബൂസ് റിസോർട്ട് മാനേജർ റോജർ ആംഗസിനെ കൊലപ്പെടുത്തിയ കേസിൽ ഉടമ അറസ്റ്റിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജ് ചാലക്കുഴി ഉത്രട്ടാതി വീട്ടിൽ യോഹന്നാൻ വിൻസെന്റാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം ആറിനായിരുന്നു സംഭവം. യോഹന്നാൻ വിൻസെന്റിന്റെ അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റോജർ ആംഗസ് ചികിത്സയിലായിരുന്നു.
ആഗസ്റ്റ് 27ന് കൊല്ലം ഹോളിക്രോസ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. സംഭവ ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ, ഇരവിപുരം പൊലീസ് തന്ത്രപരമായ നീക്കത്തിലൂടെ നാട്ടിലെത്തിക്കുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം എയർപോർട്ടിൽ പ്രതിയെ തടഞ്ഞുവച്ച് ഇരവിപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ഹേമലതയുടെ നിർദ്ദേശപ്രകാരം, അസിസ്റ്റന്റ് കമ്മിഷണർ എസ്.ഷാജിയുടെ മേൽനോട്ടത്തിൽ ഇരവിപുരം സർക്കിൾ ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഇരവിപുരം എസ്.എച്ച്.ഒ മുഹമ്മദ് ആഷിഖ്, എസ്.ഐ നജീബ്, എസ്.സി.പി.ഒ വൈശാഖ്, സി.പി.ഒമാരായ അപ്പു, അരുൺദേവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |