ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ഗുരുവായൂർ പുത്തമ്പല്ലി പഴയത്ത് മനയിൽ സതീശൻ നമ്പൂതിരിയെ (58)തിരഞ്ഞെടുത്തു. രണ്ടാംതവണയാണ് ഇദ്ദേഹം മേൽശാന്തിയാകുന്നത്. ഒക്ടോബർ ഒന്നു മുതൽ ആറുമാസത്തേക്കാണ് നിയമനം. നേരത്തെ 2014 ഏപ്രിൽ മുതൽ സെപ്തംബർ അവസാനം വരെ മേൽശാന്തിയായിരുന്നു.
ഇന്നലെ ഉച്ചപൂജയ്ക്കുശേഷം നമസ്‌കാര മണ്ഡപത്തിൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിദ്ധ്യത്തിൽ നിലവിലെ മേൽശാന്തി ചെർപ്പുളശ്ശേരി തെക്കുപറമ്പത്ത് മന നാരായണൻ നമ്പൂതിരിയാണ് നറുക്കെടുത്തത്.43 അപേക്ഷകരിൽ നിന്ന് കൂടിക്കാഴ്ചയിൽ യോഗ്യത നേടിയ 33 പേരുകൾ നറുക്കിട്ടെടുത്തതിൽ നിന്നാണ് സതീശൻ നമ്പൂതിരിക്ക് നിയോഗം ലഭിച്ചത്. പുതിയ മേൽശാന്തി 12 ദിവസം ക്ഷേത്രത്തിൽ ഭജനം നടത്തിയശേഷം ഈ മാസം 30ന് രാത്രി ചുമതലയേൽക്കും. ആറുമാസം ക്ഷേത്രത്തിൽ താമസിച്ച് പുറപ്പെടാശാന്തിയായി പൂജകൾ നിർവഹിക്കും. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതിയംഗവുമായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്‌ട്രേറ്റർ എസ്.ഹരിഗോപാൽ എന്നിവരും സന്നിഹിതരായി. ഒറ്റപ്പാലം മേച്ചേരി മനയിൽ ഷീജ അന്തർജനമാണ് സതീശൻ നമ്പൂതിരിയുടെ ഭാര്യ. ഡോ. ശ്രീരഞ്ജിനി, ശ്രീവിദ്യ എന്നിവർ മക്കളാണ്. മരുമകൻ: വിഷ്ണു നമ്പൂതിരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |