
കൊല്ലം: തൂഫാൻ ലഹരി വിരുദ്ധ പോരാട്ടത്തെ കേരളത്തിലെ മുഴുവൻ ജനങ്ങളും ഏറ്റെടുത്തെന്നും തൂഫാൻ രണ്ടാം ഘട്ട ദൗത്യം സംസ്ഥാനത്തെ ഓരോ വീടുകളിലേക്കും എത്തുകയാണെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് സംരക്ഷിക്കുന്നതിനും ലഹരിവിരുദ്ധ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച ''ലഹരിമുക്ത കൊല്ലം'' ജനകീയ ക്യാമ്പയിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തിൽ ജയൻ മെമ്മോറിയൽ ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് പോരാട്ടം ഏറ്റെടുത്തതിൽ വലിയ സന്തോഷമുണ്ടെന്നും എല്ലാ പിന്തുണയും നൽകുമെന്നും മന്ത്രി പറഞ്ഞു.
കേരളം നേരിടുന്ന ഏറ്റവും വലിയ വിപത്തായ രാസലഹരിയിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കാനുള്ള ചരിത്രപരമായ ദൗത്യമാണ് സർക്കാർ നടത്തുന്ന ഓപ്പറേഷൻ തൂഫാനെന്ന് വീഡിയോ സന്ദേശത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളെക്കൂടി പങ്കെടുപ്പിച്ച് ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം ആരംഭിച്ചുകഴിഞ്ഞതായും ചെന്നിത്തല പറഞ്ഞു.
സ്കൂൾതല ലഹരിമുക്ത കാമ്പയിൻ സി.അജയപ്രസാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ.ലതാദേവി അദ്ധ്യക്ഷയായി. ഓപ്പറേഷൻ തൂഫാൻ സംസ്ഥാന നോഡൽ ഓഫീസറും ദക്ഷിണ മേഖല ഐ.ജിയുമായ ആർ.നിശാന്തിനി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ കളക്ടർ ആനി ജൂല തോമസ്, കൊല്ലം സിറ്റി ജില്ലാ പൊലീസ് മോധാവി എം.ഹേമലത, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആർ.അരുൺ ബാബു, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ സുബോധ്, എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എച്ച്.നൂറുദ്ദീൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ബി.ജയന്തി, സെൽവി, ടി.അജയൻ, ജി.സരസ്വതി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.വിനോദ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, മറ്റ് തദ്ദേശസ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |