കൊല്ലം: ജില്ലയിൽ വർദ്ധിച്ചുവരുന്ന ചെറുമോഷണങ്ങൾക്ക് പിന്നിൽ ലഹരിയും ആഡംബരജീവിതത്തോടുള്ള ഭ്രമവുമാണെന്ന് പൊലീസിന്റെ വിലയിരുത്തൽ. ലഹരി ഉപയോഗത്തിനും ധൂർത്തിനും പണം കണ്ടെത്താനാണ് ചില യുവാക്കൾ മോഷണത്തിലേക്ക് തിരിയുന്നത്.
18നും 25നും ഇടയിൽ പ്രായമുള്ളവരാണ് ഇത്തരം കേസുകളിൽ പ്രതികളാകുന്നത്. ചെറുമോഷണങ്ങൾക്ക് പൊലീസ് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്ന പരാതിയും ശക്തമാണ്. ആവർത്തിക്കുന്ന മോഷണങ്ങൾ കൂടുതൽ ഗുരുതരമായ കുറ്റകൃത്യങ്ങളിലേക്കുള്ള ചവിട്ടുപടിയാകുമെന്ന ആശങ്കയും ഉയന്നിട്ടുണ്ട്.
കൊല്ലം സിറ്റി, റൂറൽ മേഖലകളിലായി കഴിഞ്ഞ പത്ത് മാസത്തിനിടെ നൂറിലേറെ മോഷണ കേസുകളാണ് രജിസ്റ്റർ ചെയ്തത്. കടകളിൽനിന്ന് പണം കവരുന്നതും വീടുകളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതും തുടരുകയാണ്. നഷ്ടപ്പെടുന്ന തുക കുറവായതിനാൽ പലരും പരാതി നൽകാൻ മടിക്കുന്നുണ്ട്. എന്നാൽ, ചെറിയ മോഷണങ്ങളെന്ന പേരിൽ ഇത്തരം സംഭവങ്ങളെ അവഗണിക്കുന്നത് കുറ്റവാളികൾക്ക് കൂടുതൽ അവസരമൊരുക്കും. ആവർത്തിച്ചുള്ള മോഷണങ്ങൾക്ക് പിന്നിലെ സംഘങ്ങളെ കണ്ടെത്തുന്നതിനൊപ്പം ലഹരിബന്ധമുണ്ടോയെന്നും അന്വേഷിക്കേണ്ടതാണ്.
ലക്ഷങ്ങൾ പൊടിച്ച് ആഡംബരം
എഴുകോണിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ആറുലക്ഷത്തോളം രൂപ കവർന്ന കേസിൽ പിടിയിലായ മൂന്നുപേരും 25 വയസിൽ താഴെ പ്രായമുള്ളവർ
ആഡംബര ജീവിതത്തിന് പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
ജില്ലാ ആശുപത്രിക്ക് സമീപത്തെ മൊത്തവ്യാപാര കേന്ദ്രത്തിൽ നിന്ന് 23 ലക്ഷം രൂപ കവർന്ന കേസിലും പ്രതികൾ യുവാക്കൾ
മറ്റൊരു മോഷണക്കേസിൽ പത്തുലക്ഷം രൂപ കവർന്നതിലും ഇവർക്ക് പങ്ക്
പണം മുഴുവൻ ധൂർത്തടിച്ചെന്ന് പ്രതികളുടെ മൊഴി
പ്രതികൾ കാണാമറയത്ത്
പൊലീസ് ക്വാർട്ടേഴ്സിൽ പട്ടാപ്പകൽ പൊലീസുകാരന്റെ വീട്ടിൽ നിന്ന് അഞ്ചര പവൻ കവർന്ന കേസിൽ ഇതുവരെ പ്രതിയെ കണ്ടെത്താനായിട്ടില്ല. വ്യക്തതയുള്ള സി.സി ടി.വി ദൃശ്യങ്ങൾ ലഭിക്കാത്തതാണ് അന്വേഷണത്തിന് തിരിച്ചടിയായത്. നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തി വാളത്തുംഗൽ, കൂട്ടിക്കട, താന്നിമുക്ക്, വലിയവിള, കണ്ണനല്ലൂർ മേഖലകളിലെ കടകളിൽനിന്ന് പണം കവരുന്ന യുവതി ഉൾപ്പെട്ട മൂന്നംഗ സംഘത്തെയും പിടികൂടാനായിട്ടില്ല. വൃദ്ധർ നടത്തുന്ന കടകളാണ് ഇവരുടെ ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |