
കൊല്ലം: പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട ദമ്പതികളെ പൊതുസ്ഥലത്ത് ജാതിപ്പേര് വിളിച്ചും അസഭ്യം പറഞ്ഞും ആക്ഷേപിച്ചെന്ന കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടു. കൊട്ടാരക്കരയിലെ പട്ടികജാതി–പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് തൊടിയൂർ തോണ്ടയ്യത്ത് വിളയിൽ സുബീനയെ കുറ്റക്കാരിയല്ലെന്ന് കണ്ട് വെറുതെ വിട്ടത്.
ജഡ്ജി ആർ.ജയകൃഷ്ണനാണ് വിധി പ്രസ്താവിച്ചത്. 2025 ഫെബ്രുവരി 22ന് ഉച്ചയ്ക്ക് 2.30-ഓടെ തഴവ സഹകരണ സംഘത്തിന്റെ മുൻവശത്താണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പ്രോസിക്യൂഷൻ കേസ്. ബൈക്കിൽ വരികയായിരുന്ന ദമ്പതികളെ പ്രതി തടഞ്ഞുനിറുത്തി ജാതിപ്പേര് വിളിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നായിരുന്നു ആരോപണം. ഇതിനെ ചോദ്യം ചെയ്തപ്പോൾ പരാതിക്കാരനെയും ഭാര്യയെയും പ്രതി വീണ്ടും അസഭ്യം പറയുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തതായും പരാതിയിൽ ഉണ്ടായിരുന്നു.
കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് ഒൻപത് സാക്ഷികളെ വിസ്തരിക്കുകയും പത്ത് രേഖകൾ ഹാജരാക്കുകയും ചെയ്തു. എന്നാൽ പ്രതിക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. തുടർന്നാണ് പ്രതിയെ വെറുതെ വിട്ട് ഉത്തരവായത്. പ്രതിക്കുവേണ്ടി അഭിഭാഷകരായ അനൂപ് കെ. ബഷീർ, വൈ. സുധീർ, സുരേഷ് കണിച്ചേരിൽ, പ്രവീൺ അശോക്, തേവലക്കര ബാദുഷ, സൈമ നിസാർ എന്നിവർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |