കനത്ത മഴയെ തുടർന്ന് വെള്ളത്തിൽ മുങ്ങിയ സ്വന്തം വീട്ടിൽ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയംതേടിയ പാവങ്ങളെ വെച്ച് ചിലർ രാഷ്ടീയം കളിക്കുന്നതാണ് ചുറ്റുവട്ടത്തെ പുതിയ വിശേഷം. ക്യാമ്പിലെ അന്തേവാസികൾക്ക് കഴിക്കാൻ ആവശ്യത്തിന് ഭക്ഷണമോ മറ്റു സൗകര്യങ്ങളോ ലഭിക്കുന്നില്ലെന്ന ആരോപണം ചിലർ ഉയർത്തുമ്പോൾ ക്യാമ്പുകളിൽ യാതൊരു പ്രശ്നവുമില്ലെന്നും രാഷ്ടീയ വിരോധം തീർക്കാൻ ചിലർ പ്രശ്നമുണ്ടാക്കുകയാണെന്നായിരുന്നു ഭരണപക്ഷത്തിന്റെ വിമർശനം.
ചങ്ങനാശേരി മണ്ഡലത്തിൽ 27 ക്യാമ്പിൽ പെരുന്ന ഗവൺമെന്റ് എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു വിവാദം കത്തി പടർന്നത്. ക്യാമ്പിലെത്തിയവർക്ക് കൃത്യസമയത്ത് ഭക്ഷണം വിതരണം ചെയ്തില്ലെന്നും സാധനം ലഭിച്ചില്ലെന്നും ദുരിതബാധിതരിൽ ചിലർ ആരോപിക്കുമ്പോൾ സമീപത്തുള്ള ഹയർ സെക്കന്ററി സ്കൂളിലെ ക്യാമ്പിൽ ഭക്ഷണം തയ്യാറാക്കിയിരുന്നുവെന്നും അവിടെ നിന്നു വാങ്ങാൻ നിർദ്ദേശിച്ചിട്ടും ചിലർ വാങ്ങി കഴിച്ചില്ലെന്നുമാണ് ബന്ധപ്പെട്ടവർ പറയുന്നത്. 'ഇവിടെ ആർക്കും ഒന്നും തന്നില്ല . ഒന്നും കിട്ടിയില്ലെന്ന് എൽ.ഡി.എഫ് പ്രവർത്തകർ ആരോപിക്കുമ്പോൾ ഇതിനു പിന്നിൽ ചിലർ രാഷ്ടീയം കളിക്കുകയായിരുന്നുവെന്നാണ് യു.ഡി.എഫ് ആരോപണം. സംഭവ സ്ഥലത്തെത്തിയ വിനു ജോബ് എം.എൽ.എയോട് ഒരു ചാനൽ ലേഖകൻ തട്ടിക്കയറിയെന്നും 'ഇവിടെനിന്നു വിട്ടുപോക്കോണമെന്നു ആക്രോശിച്ചുവെന്നുമാണ് സംഭവത്തെക്കുറിച്ചു എം.എൽ.എഫേസ് ബുക്ക് പേജിൽ കുറിച്ചത്.
വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ രാഷ്ടീയപാർട്ടിയിൽപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരുമെല്ലാം ചേർന്നാണ് എല്ലാ ദുരിതാശ്വാസ ക്യാമ്പിലും ഭക്ഷണവും മറ്റ് അത്യാവശ്യ സാധനങ്ങളുമെത്തിക്കുന്നത്. 2018ലെ മഹാ പ്രളയത്തിലും കൊവിഡ് കാലത്തും കമ്മ്യൂണിറ്റി കിച്ചൻ അടക്കം ഇങ്ങനെ തന്നെയായിരുന്നു കൂട്ടായുള്ള പ്രവർത്തനം. ഇതിൽ ആരും ജാതി, മത,രാഷ്ടീയ താത്പര്യങ്ങളൊന്നും കലർത്താറില്ല. ഒത്തൊരുമയോടെ പ്രകൃതി ദുരന്തമടക്കം പ്രതിസന്ധികളെ തരണം ചെയ്യുന്നതാണ് കേരളത്തിന്റെ സംസ്കാരം.
എല്ലാം ഓർഡറിൽ ആകും വരെ തുടക്കത്തിൽചില കുറ്റവും കുറവും എല്ലായിടത്തുമുണ്ടാകും. അതൊക്കെ സഹിക്കുകയും ക്ഷമിക്കുകയും വേണം. ദുരിതാശ്വാസ കേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കാൻ സ്വന്തം പോക്കറ്റിലെ പണം ചെലവഴിച്ചും ഊണും ഉറക്കവുമുപേക്ഷിച്ച് പ്രവർത്തിക്കുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമുണ്ട്.' ദുരിതാശ്വാസ ക്യാമ്പ് മഹാശ്ചര്യം നമുക്കും കിട്ടണം പണം' എന്ന ഉദ്ദേശത്തോടെ കിട്ടിയ സാധനങ്ങൾ കടത്തുന്നവരും പിരിച്ച പണം പോക്കറ്റിലാക്കുന്നവരുമുണ്ട്. ഇക്കൂട്ടർ വിരലിലെണ്ണാൻ മാത്രമാണുള്ളത്. അവർക്കതിരെ രാഷ്ടീയം മറന്നു ഒന്നിക്കണം. ദുരിതാശ്വാസ ക്യാമ്പിൽ ദുരിതം വിതക്കുന്നവരായി ആരും മാറരുത്.ഒരു സംഭവം സത്യസന്ധമായി റിപ്പോർട്ടു ചെയ്യുകയാണ് ഒരു റിപ്പോർട്ടറുടെ ജോലി. നമ്മുടെ രാഷ്ടീയവും മറ്റു താത്പര്യങ്ങളും ആരും അതിൽ കൂട്ടിക്കലർത്തരുത്. വിമർശനത്തിനു വേണ്ടിയുള്ള വിമർശനം നടത്തരുത്. ദുരിതാശ്വാസ ക്യാമ്പുകൾ കുറ്റമറ്റ രീതിയിൽ നടത്തിക്കൊണ്ടുപോകുന്നവരുടെ പങ്കപ്പാടുകൾ മറക്കരുത്. അതെല്ലാവരും ഓർമിക്കണമെന്നാണ് ചുറ്റുവട്ടത്തിന് പറയാനുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |