SignIn
Kerala Kaumudi Online
Sunday, 09 August 2026 9.56 AM IST

അയ്മനത്ത് സബ് സെന്റർ പൂട്ടിയതിൽ പ്രതിഷേധവുമായി നാട്ടുകാർ, ലക്ഷങ്ങൾ മുടക്കി നിർമ്മിച്ചിട്ടും ആവശ്യസമയത്ത് ഉപകാരപ്പെട്ടില്ല

asd

അയ്മനം: അത്യാവശ്യ സമയത്ത് പോലും ഉപയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെന്തിനാണ് ഈ ആരോഗ്യ സംവിധാനം. അയ്മനം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ ജനങ്ങളുടെ ചോദ്യമിതാണ്. ദുരന്തസമയത്ത് ജനങ്ങൾ ആദ്യം ആശ്രയിക്കുന്ന സർക്കാർ സംവിധാനങ്ങൾ ഈ നിർണായക ഘട്ടത്തിൽ പോലും സഹായകരമാകാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. കനത്തമഴയെ തുടർന്ന് ഒരാഴ്ചയായി കരീമഠം പ്രദേശം വെള്ളക്കെട്ടിലാണ്. ഭൂരിഭാഗം വീടുകളിലും മുട്ടോളം വെള്ളം കയറി,​ നിരവധി കുടുംബങ്ങൾ ദുരിതത്തിലാണ്. വെള്ളം കയറാത്ത വീടുകളിൽ പോലും ശൗചാലയ സൗകര്യമില്ലാത്തതിനാൽ സ്ത്രീകളും കുട്ടികളും വയോധികരും ഉൾപ്പെടെയുള്ളവർ വലിയ പ്രയാസം നേരിടുകയാണ്. ഇതിനിടെയാണ് പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്റർ ദുരിതബാധിതർക്കായി തുറന്ന് നൽകണമെന്ന നാട്ടുകാരുടെ ആവശ്യമുയർന്നത്. എന്നാൽ അധികൃതർ തുറന്നെങ്കിലും അടച്ചെന്നാണ് ആരോപണം. വെള്ളപ്പൊക്ക സാഹചര്യം മുൻകൂട്ടിക്കണ്ട് ഉയർന്ന സ്ഥലത്താണ് സബ് സെന്ററിന്റെ നിർമ്മാണം. ഇവിടെ വെള്ളം കയറില്ലെന്നും ശൗചാലയ സൗകര്യവും ലഭ്യമാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

വളർത്തുമൃഗങ്ങൾ കയറുമെന്ന് പറഞ്ഞ് അടച്ചു

നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് സബ് സെന്റർ താത്ക്കാലികമായി തുറന്നുനൽകിയെങ്കിലും, കുറച്ച് സമയത്തിനകം അധികൃതർ കെട്ടിടം വീണ്ടും പൂട്ടിയെന്ന് നാട്ടുകാർ ആരോപിക്കുന്നു.

പൂച്ചയും പട്ടിയും കയറി വൃത്തികേടാകുമെന്ന തൊടു ന്യായങ്ങളാണ് അധികൃതർ ചൂണ്ടിക്കാട്ടിയതെന്നാണ് നാട്ടുകാർ പറയുന്നത്. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച സബ് സെന്റർ പ്രദേശവാസികൾക്ക് യാതൊരു പ്രായോഗിക പ്രയോജനവും നൽകുന്നില്ലെന്ന ആരോപണവും ശക്തമാകുകയാണ്. സർക്കാർ ആരോഗ്യ കേന്ദ്രം ജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ അതിന്റെ പ്രസക്തി എന്താണെന്ന ചോദ്യമാണ് നാട്ടുകാർ ചോദിക്കുന്നത്.

ദുരിതത്തിലായ ജനങ്ങൾക്ക് അടിയന്തരമായി സബ് സെന്റർ തുറന്ന് നൽകണമെന്നും വിഷയത്തിൽ സർക്കാർ ഇടപെടണം

- നാട്ടുകാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AYMANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL