കോഴിക്കോട്: മൈസൂരു-ബംഗളൂരു ദേശീയ പാതയിൽ ഡ്രൈവറും കണ്ടക്ടറുമടക്കം രണ്ടുപേരുടെ മരണത്തിനിടയാക്കിയ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിന് ഉത്തരവാദികൾ ഉദ്യോഗസ്ഥരെന്ന് മരിച്ചവരുടെ ബന്ധുക്കൾ. കർണാടകയിലെ ബിടതിയിൽ ഇന്നലെ പുലർച്ചെയുണ്ടായ അപകടത്തിൽ ഡ്രൈവറായ കോഴിക്കോട് വെള്ളയിൽ കച്ചേരി കുന്നോത്ത് താഴം വയലിൽ മിഥിലേഷ്, കണ്ടക്ടറായ കോഴിക്കോട് ചേവായൂർ തച്ചോളിമീത്തൽ എൻ.എം.അരുൺ എന്നിവരാണ് മരിച്ചത്. ഡ്രൈവറായ മിഥിലേഷ് വെള്ളിയാഴ്ച രാവിലെ അന്തർസംസ്ഥാന സർവീസ് കഴിഞ്ഞ് എത്തിയതായിരുന്നു. താത്ക്കാലിക ജീവനക്കാരനായ ഇയാളെ വീണ്ടും 12മണിക്കൂറോളം യാത്രയുള്ള ബംഗളൂരി സൂപ്പർഫാസ്റ്റ് ബസിൽ നിർബന്ധിച്ച് കയറ്റുകയായിരുന്നെന്ന് ഇയാളുടെ ബന്ധുക്കളും കെ.എസ്.ആർ.ടി.സി ജീവനക്കാരും പറയുന്നു. അമിത ജോലി ഭാരവും വിശ്രമമില്ലായ്മയുമാണ് അപകടത്തിലേക്ക് വഴി തെളിയിച്ചതെന്ന് ഇവർ ആരോപിക്കുന്നു. രാത്രികാല യാത്ര നടത്തുന്ന ദീർഘദൂര സർവീസുകളിൽ ഡ്രൈവർ കം കണ്ടക്ടർമാരെ നിയമിക്കണമെന്ന ആവശ്യം ശക്തമെങ്കിലും അതൊന്നും പാലിക്കാതെയാണ് ഉദ്യോഗസ്ഥർ ഡ്യൂട്ടി അടിച്ചേൽപിക്കുന്നത്. രാവിലെ ഡ്യൂട്ടി കഴിഞ്ഞെത്തിയാൽ ഒരുദിവസം വിശ്രമിച്ച് പിറ്റേ ദിവസത്തെ ട്രിപ്പിൽ കയറാനാണ് ചട്ടം പറയുന്നത്. എന്നാൽ പലപ്പോഴും അങ്ങനെ സംഭവിക്കുന്നില്ല. ദീർഘദൂര ബസുകളിലും സൂപ്പർ ഡീലക്‌സുകളിലും സ്ഥിരം ജീവനക്കാരായിരിക്കണം ഡ്രൈവർമാരാവേണ്ടതെന്ന നിർദ്ദേശവുമുണ്ട്. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തിയാണ് സർവീസ് നടക്കുന്നത്. കോഴിക്കോട് ഡിപ്പോയുടെ കീഴിൽ മാത്രം 46 ഡ്രൈവർമാരാണ് താത്ക്കാലികമായി ജോലി ചെയ്യുന്നത്. തോന്നും പോലെ ഡ്യൂട്ടിയിട്ട് സുരക്ഷിതമല്ലാത്ത യാത്രയൊരുക്കുന്ന അധികൃതർക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |