കോഴിക്കോട്: ഓണ വിപണിയിലെ മായം തടയാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമായി കാറ്ററിംഗ് സ്ഥാപനങ്ങളിലടക്കം പരിശോധനയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിപണിയിലെത്തുന്നത് തടയുന്നതിനാണ് പരിശോ ധന ശക്തമാക്കിയത്. മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ പൂട്ടിക്കും.
അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ഭക്ഷ്യ പദാർത്ഥങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ചെക്ക് പോസ്റ്റുകളിലും പരിശോധനയുണ്ട്. ആറ് സ്ക്വാഡുകളാണ് പരിശോധിക്കുന്നത്. ലാബ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കും. ലൈസൻസില്ലാതെ ഭക്ഷ്യ വസ്തുക്കൾ കച്ചവടം നടത്തിയാൽ 10 ലക്ഷം രൂപ വരെ പിഴയും ആറ് മാസം തടവും ലഭിക്കാം. ജൂലായ് അവസാനം മുതൽ കഴിഞ്ഞ അഞ്ച് വരെ നടത്തിയ പരിശോധനയിൽ ലെെസൻസില്ലാതെ പ്രവർത്തിച്ച 14 സ്ഥാപനങ്ങൾ പൂട്ടിച്ചു. ശർക്കര, നെയ്യ്, പാലട ചിപ്‌സ്, പരിപ്പ്, പഞ്ചസാര, പപ്പടം, പാൽ, പഴവർഗങ്ങൾ തുടങ്ങി 137 ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകൾ പരിശോധനക്കയച്ചു. വിതരണക്കാർ, ചില്ലറ വ്യാപാര സ്ഥാപനങ്ങൾ, സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ വ്യാപക പരിശോധന നടത്തുന്നുണ്ട്. ഓണക്കാലത്ത് വ്യാപകമായി ഉപയോഗിക്കുന്ന പായസം മിക്സ്, ധാന്യങ്ങൾ, പയർവർഗങ്ങൾ തുടങ്ങിയവയുടെ സാമ്പിളുകളും പരിശോധനയ്ക്ക് ശേഖരിച്ചു.
പഴം, പച്ചക്കറി, പലചരക്ക് കടകൾ എന്നിവയ്ക്കെല്ലാം ഭക്ഷ്യസുരക്ഷ ലൈസൻസ് നിർബന്ധമാണ്. ഓണക്കാലത്ത് പുതിയ കാറ്ററിംഗ് സ്ഥാപനങ്ങൾ രംഗത്തുവരാറുണ്ട്. ഇവരും ഭക്ഷ്യ മേളകൾ നടത്തുന്നവരും ലൈസൻസെടുക്കണം.
മായം അറിയിക്കാം
ഗുണനിലവാരമില്ലാതെ വിൽപ്പന, കൂടുതൽ മായം ചേർത്ത ഭക്ഷ്യോത്പന്നങ്ങളുടെ വിൽപ്പന, ലൈസൻസില്ലാതെ വിൽപ്പന തുടങ്ങിയവ ശ്രദ്ധയിൽപെട്ടാൽ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ 18004251125 ടോൾ ഫ്രീ നമ്പരിൽ അറിയിക്കാം.
ലെെസൻസ് നിർബന്ധം
ഭക്ഷ്യോത്പന്ന വിപണനം, വീടുകൾ കേന്ദ്രീകരിച്ചുള്ള ഭക്ഷ്യോത്പാദന യൂണിറ്റുകൾ, പായസ വിതരണ സ്റ്റാളുകൾ എന്നിവ നടത്താനുദ്ദേശിക്കുന്നവർ ഭക്ഷ്യസുരക്ഷ ലൈസൻസോ രജിസ്‌ട്രേഷനോ എടുക്കണം. പായ്ക്ക് ചെയ്തു വിൽക്കുന്ന എല്ലാ ഭക്ഷ്യ വസ്തുക്കളിലും പൂർണമായ ലേബൽ വിവരങ്ങളുണ്ടാവണം.
പരിശോധിച്ചത് 369 സ്ഥാപനങ്ങളിൽ
പിഴയടയ്ക്കേണ്ടത് 37 സ്ഥാപനങ്ങൾ
പിഴവ് തിരുത്തേണ്ടവ 55 എണ്ണം
ശേഖരിച്ച സാമ്പിളുകൾ 193 എണ്ണം
(ജൂലായ് 27 മുതൽ ഓഗസ്റ്റ് 5 വരെ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |