അക്രമകാരികളായ തെരുവു നായ്ക്കളെ കൊല്ലാമെന്ന് സുപ്രീംകോടതി ഉത്തരവിറക്കി മാസങ്ങളായിട്ടും കോട്ടയത്ത് ഒരു തദ്ദേശ സ്ഥാപനമെങ്കിലും ഒരു തെരുവുനായയെ കൊന്നോ എന്നതാണ് ബന്ധപ്പെട്ടവരോട് ചുറ്റുവട്ടത്തിന് ചോദിക്കാനുള്ളത്. കാൽനടയാത്രക്കാരും ഇരുചക്രയാത്രികരും തെരുവുനായ്ക്കളിൽ നിന്ന് തങ്ങളെ രക്ഷിക്കേണമേയെന്ന് മുട്ടിപ്പായി പ്രാർത്ഥിച്ചാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് തന്നെ. റോഡരികിൽ തള്ളുന്ന മാലിന്യം തിന്നുകൊഴുത്ത പല തെരുവുനായ്ക്കളും മനുഷ്യരെ കണ്ടാൽ അക്രമിക്കുന്നവരായി മാറി. അക്രമകാരികളായ തെരുവുനായ്ക്കളെ വിഷം കുത്തിവെച്ചു കൊല്ലാമെന്ന് വരെ സുപ്രീംകോടതി നിർദ്ദേശമിറക്കിയിട്ടും കൊല്ലുകയോ ഷെൽട്ടറിലാക്കുകയോ ചെയ്യാതെ പിടികൂടി വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി പിടിച്ചടത്തുതന്നെ വിട്ടു കാശടിച്ചുമാറ്റാനാണ് പലർക്കും താത്പര്യം. നായ്ക്കളെ പിടികൂടി തദ്ദേശസ്ഥാപനങ്ങൾ കൊല്ലുന്നതിനെതിരെ പട്ടിപ്രേമികൾ കോടതിയിലെത്തിയതോടെയാണ് താത്ക്കാലിക സ്റ്റേ വന്നത്. ജഡ്ജിമാർക്ക് വരെ കടിയേറ്റതോടെയാണ് തെരുവുനായ്ക്കളെ കൊല്ലാൻ സുപ്രിംകോടതി അനുമതി നൽകിയത്. എന്നിട്ടും എബിസി പദ്ധതിയോടാണ് പലർക്കും താത്പര്യം.
ഈ പദ്ധതിയുടെ പേരിൽ പണം പലരുടെയും കീശയിലെത്തിയതല്ലാതെ തെരുവുനായ്ക്കളുടെ എണ്ണം കുറഞ്ഞില്ല. സ്കൂൾ, കോളേജ്, ആശുപത്രി എന്നിവയുൾപ്പെടെ പൊതുസ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ, കളി സ്ഥലങ്ങൾ തുടങ്ങിയവയുടെ പരിസരത്ത് നിന്ന് തെരുവുനായ്ക്കളെ നീക്കം ചെയ്യണം, തെരുവുനായ്ക്കൾ കയറാത്തവിധം രണ്ട് മാസത്തിനുള്ളിൽ അതിർത്തികെട്ടി സംരക്ഷിക്കണം, പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരിച്ച് പ്രതിരോധ കുത്തിവെയ്പ്പുമെടുത്ത് ഷെൽട്ടറുകളിൽ സംരക്ഷിക്കണം തുടങ്ങിയ നിർദ്ദേശങ്ങളും ആവശ്യത്തിന് ഫണ്ടില്ലെന്ന് പറഞ്ഞാണ് തദ്ദേശസ്ഥാപനങ്ങൾ നടപ്പാക്കാത്തത്.
മുഴുവൻ തെരുവുനായ്ക്കളെയും പിടികൂടി ഷെൽട്ടറുകൾ നിർമ്മിച്ച് സംരക്ഷിക്കാൻ കോടികൾ ചെലവുവരും. ഇത് ആരു വഹിക്കുമെന്നതാണ്പ്രശ്നം. കോടതിക്ക് പലതും പറയാം. അത്യാവശ്യ കാര്യങ്ങൾക്ക് ഫണ്ടില്ല, പിന്നാ തെരുവുനായ്ക്കളുടെ സംരക്ഷണമെന്നായിരുന്നു ഒരു നഗരസഭാ മേധാവിയുടെ മറുപടി. മുടന്തൻ ന്യായങ്ങൾ നിരത്തി പ്രശ്നപരിഹാരം വൈകിപ്പിച്ചു നാട്ടുകാരെ തെരുവുനായ്ക്കളുടെ കടിയേൽക്കാൻ എറിഞ്ഞുകൊടുക്കുന്ന ഭരണാധികാരികളെ ശിക്ഷിക്കാനും അവരിൽ നിന്ന് കനത്ത പിഴ ഈടാക്കാനും കൂടി സുപ്രീംകോടതി വിധിക്കണമെന്നാണ് ചുറ്റുവട്ടത്തിന് നിർദ്ദേശിക്കാനുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |