
കോട്ടയം: വേമ്പനാട്ടുകായലിൽ ഹൗസ്ബോട്ടുകൾക്ക് തീപിടിച്ചുള്ള അപകടങ്ങൾ വർദ്ധിക്കുമ്പോൾ കായൽ ടൂറിസം മേഖലയിൽ തന്നെ വലിയ പ്രതിസന്ധി തീർക്കുകയാണ്. ജീവനക്കാരുടെയും സഞ്ചാരികളുടെയും അശ്രദ്ധ മേഖലയെ പിന്നോട്ടടിക്കുകയാമെന്ന് ബോട്ട് ഉടമകളും കുറ്റപ്പെടുത്തുന്നു. പാറ്റയെ നശിപ്പിക്കുന്നതിനുള്ള പുകയിട്ടതായിരുന്നു കഴിഞ്ഞ ദിവസം ബോട്ട് കത്തിനശിക്കാൻ കാരണമായത്. പനമ്പുമറയും പ്ലൈവുഡും കനംകുറഞ്ഞ തടികളും ഉപയോഗിച്ചാണ് ഹൗസ്ബോട്ടുകളുടെ മേൽക്കുരയും ഉൾവശവും നിർമ്മിച്ചിരിക്കുന്നത്. ചെറിയൊരു തീപ്പൊരി വീണാൽ അഗ്നിശമന ഉപകരണങ്ങൾ പ്രവർത്തിപ്പിക്കും മുമ്പ് ബോട്ട് പൂർണമായും കത്തിയമരുകയാണ് പതിവ്.
ജെട്ടിയിൽ ഒന്നിച്ചുകെട്ടിയിടുന്നതിനാൽ ഒരു ബോട്ടിന് തീ പിടിച്ചാൽ മറ്റു ബോട്ടുകളിലേക്കും വേഗത്തിൽ തീപടരും. അഴിച്ചു മാറ്റാൻ സാവകാശം ലഭിക്കുന്നില്ലെങ്കിൽ നിരവധി ബോട്ടുകൾ കത്തിനശിക്കും.
അടുക്കളയിൽ ആളിക്കത്തും
ഭൂരിഭാഗം അപകടങ്ങളിലും തീ ആളിപ്പടർന്നത് അടുക്കള ഭാഗത്ത് നിന്നാണ്.എൽ.പി.ജി ചോർച്ചയ്ക്ക് പുറമേ ഷോർട്ട് സർക്ക്യൂട്ടിന് കാരണമാകുന്ന അനധികൃത വൈദ്യുതി വയറിംഗ് തകരാർ, ജനറേറ്റർ തകരാർ, യന്ത്രത്തകരാർ എന്നിവയും അപകടകാരണങ്ങളാണ്.
സുരക്ഷാ പരിശോധന ഇല്ലാത്തതും മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തതും ദുരന്തത്തിലേക്ക് നയിക്കുകയാണ്. പെട്രോളും ഡീസലും കന്നാസിൽ കൂടുതൽ കരുതുന്നതും തീ വേഗത്തിൽ പടരാൻ ഇടയാക്കും.
കൊവിഡിന് ശേഷം പ്രതിസന്ധി
കൊവിഡിന് ശേഷം ടൂറിസം മേഖലയിലുണ്ടായ തളർച്ച കായൽടൂറിസത്തെയും സാരമായി ബാധിച്ചു. ശനിയും ഞായറും മറ്റു അവധി ദിവസങ്ങളിലും മാത്രമാണ് ഇപ്പോൾ ബുക്കിംഗ്. സ്ഥിരം ജീവനക്കാർക്ക് മാസശമ്പളം മുടങ്ങുന്ന അവസ്ഥയായി. ഇതോടെ ഇവരെ ഒഴിവാക്കി മിക്ക ഹൗസ്ബോട്ടുകളിലും ദിവസക്കൂലിക്കാരെ നിയമിച്ചു. ഇവർക്ക് പരിചയസമ്പത്ത് കുറവായത് വെല്ലുവിളിയാണ്.
പുകവലിക്ക് നിരോധനമുണ്ടെങ്കിലും സഞ്ചാരികൾ ഇത് പാലിക്കാറില്ല
സഞ്ചാരികൾ സിഗററ്റ് കുറ്റി അലക്ഷ്യമായി വലിച്ചെറിയുന്നതും പതിവ്
റിപ്പോർട്ട് പുറത്തുവരാറില്ല
തീപിടിത്ത കാരണങ്ങൾ കണ്ടെത്താൻ അന്വേഷണം നടക്കാറുണ്ടെങ്കിലും പലപ്പോഴും റിപ്പോർട്ട് പുറത്തുവരാറില്ല. ബോട്ടുകളിൽ പരിശോധനയും അറ്റകുറ്റപണിയും പലപ്പോഴും നടക്കാറില്ല.
സുരക്ഷാ മാനദണ്ഡങ്ങൾ ബോട്ടുടമകൾ പാലിക്കാറുണ്ട്. ദിവസക്കൂലിക്കാരായ ജീവനക്കാർ പലപ്പോഴും അനാസ്ഥ കാട്ടുകയാണ്.
അനീഷ് (ബോട്ടുടമ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |