കൊല്ലം: കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കൊല്ലം നഗരത്തിലും അനുബന്ധ റോഡുകളിലും ഇന്ന് ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മാതാ അമൃതാനന്ദമയീ ദേവിയുടെ 73-ാം ജന്മദിനം, എൻ.സി.സി.എഫ് ദേശീയ സമ്മേളനം എന്നിവയുമായി ബന്ധപ്പെട്ട് ഇന്ന് കൊല്ലം നഗരത്തിലെത്തുന്ന അമിത് ഷാ മടങ്ങിപ്പോകുന്നതുവരെ വിവിധ റോഡുകളിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് കടപ്പാക്കട, കല്ലുംതാഴം കരിക്കോട്, കേരളപുരം ഇളമ്പള്ളൂർ, കുണ്ടറ ആശുപത്രി മുക്ക്, കുണ്ടറ പള്ളിമുക്ക്, പുന്നത്തടം, മുളവന പവിത്രം കൺവെൻഷൻ സെന്റർ വരെയുള്ള റോഡിൽ ഇന്ന് ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ ഇരുവശത്തേക്കും വാഹന ഗതാഗതം അനുവദിക്കില്ല.
വൈകിട്ട് 4ഓടെ കൊല്ലം ആശ്രാമം ഹെലിപ്പാഡിൽ നിന്ന് ഹെലിക്കോപ്ടറിൽ വള്ളിക്കാവ് അമൃത ആശ്രാമത്തിലെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി വൈകിട്ട് 5.45 വരെ അമൃതാനന്ദമയീ ദേവിയുടെ 73-ാം ജന്മദിനാഘോഷത്തിൽ പങ്കെടുത്ത ശേഷം 5.45 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് റോഡ് മാർഗം യാത്ര പുറപ്പെടും. വള്ളിക്കാവ് ആശ്രമത്തിൽ നിന്ന് വവ്വാക്കാവ് വഴി ദേശീയപാതയിൽ പ്രവേശിച്ചാണ് കൊല്ലം വഴി തിരുവനന്തപുരത്തേക്ക് പോകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |