SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

ചുരത്തിന് മുകളിൽ അങ്കം മുറുകി

wynd
wynd

വയനാട് ജില്ല

ആകെ വോർട്ടർമാർ

6,40,968

സ്ത്രീകൾ

3,27,702

പുരുഷന്മാർ

3,13,264

ട്രാൻസ്ജെൻഡർ 2

പ്രവാസി വോട്ടർമാർ

2129

കൽപ്പറ്റ: കളം നിറഞ്ഞു. ഇനിയാണ് കളി. മീനച്ചൂടിന് കാഠിന്യമേറെയാണ്. എങ്കിലും അത് പറഞ്ഞ് അടങ്ങിയിരിക്കാൻ കഴിയില്ലല്ലോ.വോട്ടർമാരെ തേടി വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികൾ തെരുവിലാണ്. എളുപ്പത്തിൽ നടത്താൻ പറ്റുന്നത് ഇപ്പോൾ റോഡ് ഷോയാണ്. കൽപ്പറ്റ,സുൽത്താൻ ബത്തേരി, മാനന്തവാടി നിയോജക മണ്ഡലങ്ങളിലെ പ്രധാന നഗരങ്ങളിലാണ് റോഡ് ഷോകൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇനി ഗ്രാമങ്ങളിലേക്ക്. വീട് വീടാന്തരം കയറിയിറങ്ങി വോട്ട് അഭ്യർത്ഥിക്കാൻ സ്ഥാനാർത്ഥികൾക്കാവില്ല. സമയവുമില്ല. തിങ്കളാഴ്ചയ്ക്കകം നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയാക്കണം. മാനന്തവാടിയിൽ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ഒ.ആർ. കേളു മാത്രമാണ് നാമനിർദ്ദേശ പത്രിക നൽകിയത്. മുന്നണികൾക്ക് പി‌ടിപ്പത് ജോലികളാണ് ഇനിയുളള ഏതാനും ദിവസങ്ങൾ കൊണ്ട് ചെയ്ത് തീർക്കാനുളളത്. മിഷനറി മുഴുവനും ചലിപ്പിക്കണം.ചെറിയ പെരുന്നാൾ കഴിഞ്ഞത് കൊണ്ട് കുറെ തടസങ്ങൾ മാറിക്കിട്ടി. അതുകൊണ്ടുതന്നെ പ്രചാരണം ഇന്ന് മുതൽ കൊഴുക്കും.

കൽപ്പറ്റ

കൽപ്പറ്റ മണ്ഡലത്തിൽ ഇടത് മുന്നണിയും യു.ഡി.എഫും എൻ.ഡി.എയും തിരഞ്ഞെടുപ്പ് പ്രവർത്തനം ഊർജ്ജിതമാക്കി.സിറ്റിംഗ് എം.എൽ.എ ടി.സിദ്ദീഖ് മണ്ഡലത്തിലെങ്ങും ഓടി നടന്ന് പ്രവർത്തനം ആരംഭിച്ചു. എൽ.ഡി.എഫിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് രണ്ട് ദിവസം മുമ്പാണ്. എൽ.ജെ.ഡിക്കാണ് സീറ്റെങ്കിലും ആരായിരിക്കും സ്ഥാനാർത്ഥി എന്നതിനെ ചൊല്ലിയായിരുന്നു ആകാംക്ഷ. തോട്ടം തൊഴിലാളി മേഖലയിൽ ശ്രദ്ധേയനായ പി.കെ. അനിൽകുമാർ സ്ഥാനാർത്ഥിയായി. കൽപ്പറ്റ മണ്ഡലത്തെ അനിൽകുമാറിനെ പരിചയപ്പെടുത്തേണ്ടതില്ല. ജനപ്രതിനിധി എന്ന നിലയിൽ ഏവരെയും അനിൽകുമാറിന് അറിയാം. അതേ പോലെ തന്നെയാണ് എൻ.ഡി.എ സ്ഥാനാത്ഥി പ്രശാന്ത് മലവയലിനുമുളളത്. ബി.ജെ.പിയുടെ ജില്ലാ അദ്ധ്യക്ഷനാണ് അദ്ദേഹം. മണ്ഡലത്തിന്റെ മുക്കും മൂലയും നന്നായിട്ടറിയാം.

മാനന്തവാടി

മാനന്തവാടി മണ്ഡലത്തിൽ മൂന്നാം അങ്കത്തിനൊരുങ്ങുന്ന സിറ്റിംഗ് എം.എൽ.എ കൂടിയായ മന്ത്രി ഒ. ആർ.കേളു ജനകീയൻ എന്ന ലേബലിൽ മണ്ഡലത്തിലാകെ ഒരുവട്ടം പ്രചാരണം നടത്തിക്കഴിഞ്ഞപ്പോഴാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി കോൺഗ്രസിലെ ഉഷാ വിജയൻ രംഗത്തുവരുന്നത്. കേളുവിനെപ്പോലെ ജനപ്രതിനിധിയെന്ന നിലയിൽ ഉഷയ്ക്കും മണ്ഡലത്തിൽ നല്ല പേരുണ്ട്. നിയമസഭയിൽ ഇത് കന്നി അങ്കം എന്നേയുളളു. ചുരം കയറിയെത്തിയ ബി.ജെ.പിയിലെ പി.ശ്യാംരാജാണ് എൻ.ഡി.എ സ്ഥാനാർത്ഥി.

സുൽത്താൻബത്തേരി

സുൽത്താൻബത്തേരിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഐ.സി.ബാലകൃഷ്ണന് മണ്ഡലത്തിലെ ജനങ്ങളെ പരിചയപ്പെടുത്തേണ്ടതില്ല. നാലാം അങ്കമാണിത്. സി.പി.എമ്മിലെ എം.എസ്. വിശ്വനാഥനാണ് ഇടതുമുന്നണി സ്ഥാനാർത്ഥി.കഴിഞ്ഞ തവണ ഐ.സി.ബാലകൃഷ്ണനോട് അങ്കം കുറിച്ചിരുന്നു.ജയം കണ്ടില്ല. ഇത്തവണ വിജയിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഇടതുമുന്നണി വീണ്ടും വിശ്വനാഥനെ കളത്തിലിറക്കിയത്. ബി.ജെ.പിയിലെ മണ്ഡലം അദ്ധ്യക്ഷ കൂടിയായ എ.എസ്. കവിതയാണ് എൻ.ഡി.എ സ്ഥാനാർത്ഥി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL