SignIn
Kerala Kaumudi Online
Sunday, 14 June 2026 2.04 PM IST

കോഴിക്കോട് വീണ്ടും ഷിഗെല്ല; ഒമ്പത് വയസുകാരന് രോഗബാധ, മലപ്പുറത്ത് ഇളനീർ പാർലർ അടപ്പിച്ചു

shigella

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല കേസ് റിപ്പോർട്ട് ചെയ്തു. കോഴിക്കോട് പയ്യോളി തുറയൂർ പഞ്ചായത്തിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. 13-ാം വർഡിലെ ഒമ്പതുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കോഴിക്കോട് ജില്ലയിൽ ഷിഗെല്ല കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

അതേസമയം,​ വെള്ളത്തിൽ ഷിഗെല്ലയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറം തിരൂരങ്ങാടിയിലെ ഇളനീർ പാർലർ അടപ്പിച്ചു. കീഴാറ്റൂർ സ്വദേശിനിയുടെ മരണം ഷിഗെല്ല ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുന്നുണ്ട്. രണ്ടുഘട്ടങ്ങളിലായി ജില്ലയിലെ 600 ഭക്ഷണശാലകളിൽ നടത്തിയ പരിശോധനാ ഫലം ഇന്നലെയാണ് പുറത്തുവന്നത്. ഇതിൽ തിരൂരങ്ങാടിയിലെ ഇളനീർ പാർലറിലെ വെള്ളത്തിൽ മാത്രമാണ് ഷിഗെല്ലയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.

ഷിഗെല്ല രോഗം പകരുന്നത് മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ്. ഷിഗെല്ല രോഗം ബാധിച്ചയാൾ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നവർക്കും ഈ രോഗം വരാനുള്ള സാദ്ധ്യതയുണ്ട്. ഒന്നുരണ്ടു ദിവസങ്ങൾക്കകം ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങും. ആരോഗ്യവാനായ ഒരാളിൽ അഞ്ച് മുതൽ ഏഴ് ദിവസം വരെ ലക്ഷണങ്ങൾ നീണ്ടുനിന്നേക്കാം. പ്രതിരോധ ശേഷി കുറവുള്ള കുഞ്ഞുങ്ങളിൽ രോഗം തീവ്രമാകാനിടയുണ്ട്.

രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ഛർദി, ക്ഷീണം, രക്തംകലർന്ന മലം എന്നിവ കാണപ്പെടുന്നു. എല്ലാ ഷിഗെല്ല രോഗികൾക്കും രോഗലക്ഷങ്ങൾ കാണണമെന്നില്ല. ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്നു ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുക. രണ്ടുദിവസം മുതൽ ഏഴു ദിവസം വരെ മാത്രമേ രോഗമുണ്ടാകു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHIGELLA, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA