SignIn
Kerala Kaumudi Online
Tuesday, 09 June 2026 11.49 PM IST

നവീകരണം ഇഴയുന്നു; പരപ്പൻപൊയിൽ - പുന്നശ്ശേരി റോഡ് ചെളിക്കുളം ​

kdy1-
മഴ പെയ്തതോടെ ചെളിക്കുളമായി മാറിയ പരപ്പൻപൊയിൽ - പുന്നശ്ശേരി റോഡ്

കൊടുവള്ളി: റോഡ് നവീകരണ പ്രവൃത്തികൾ അനിശ്ചിതമായി നീളുന്ന പരപ്പൻപൊയിൽ - പുന്നശ്ശേരി റോഡിൽ യാത്രാദുരിതം വർദ്ധിക്കുന്നു. കാലവർഷം ആരംഭിച്ചതോടെ റോഡിൽ പലയിടത്തും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. നിർമാണത്തിന്റെ ഭാഗമായി നിർമിച്ച സുരക്ഷാഭിത്തികൾക്കിടയിലൂടെ വെള്ളവും ചെളിയും സമീപത്തെ വീടുകളുടെ മുറ്റത്തേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കും ഒലിച്ചിറങ്ങുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ​രണ്ട് റീച്ചുകളിലായി നടക്കുന്ന റോഡ് നിർമാണം നിലവിൽ എങ്ങുമെത്താത്ത സ്ഥിതിയാണ്. റോഡ് വീതികൂട്ടാനായി യാതൊരു പ്രതിഫലവും വാങ്ങാതെ നാട്ടുകാർ സ്ഥലം വിട്ടുനൽകിയിരുന്നു. എന്നാൽ ഇവരുടെ വീടുകളുടെ സംരക്ഷണഭിത്തി നിർമാണമോ, ഓവുചാൽ സ്ഥാപിക്കുന്ന ജോലികളോ പൂർത്തിയാക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ഓടകളുടെ നിർമാണം അപൂർണമായി കിടക്കുന്നതിനാൽ മഴവെള്ളം പൂർണമായും റോഡിലേക്കാണ് ഒഴുകിയെത്തുന്നത്. നവീകരണത്തിനായി വെട്ടിപ്പൊളിച്ച കുഴികളിൽ വെള്ളം നിറഞ്ഞതോടെ റോഡും കുഴിയും തിരിച്ചറിയാത്ത അവസ്ഥയാണ്. ​വേനൽക്കാലത്ത് പൊടിശല്യത്താൽ ജനങ്ങൾ ബുദ്ധിമുട്ടിയിരുന്നെങ്കിൽ, ഇപ്പോൾ കാൽനടയാത്രക്കാർക്ക് പോലും നടക്കാൻ കഴിയാത്ത വിധം റോഡ് ചെളിക്കുളമായി മാറിയിരിക്കുകയാണ്. ചെളിയിൽ തെന്നിവീണും വെള്ളക്കെട്ടിലെ കുഴികളിൽ ചാടിയും നിരവധി ഇരുചക്രവാഹന യാത്രക്കാരാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്. ​

സംരക്ഷണഭിത്തി തകർന്നിട്ട് 1 വർഷം

കുണ്ടുങ്ങരപ്പാറയിൽ കഴിഞ്ഞ മഴക്കാലത്ത് തകർന്ന റോഡിന്റെ സംരക്ഷണഭിത്തി ഇതുവരെയും പുനർനിർമിച്ചിട്ടില്ല. ഇവിടെ കാടുമൂടിക്കിടക്കുന്നതിനാലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതിനാലും രാത്രികാലങ്ങളിൽ എത്തുന്ന ഡ്രൈവർമാർക്ക് അപകടഭീഷണി തിരിച്ചറിയാൻ സാധിക്കുന്നില്ല. ​നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ താത്ക്കാലികമായി കുഴികൾ അടയ്ക്കാനും വെള്ളക്കെട്ട് ഒഴിവാക്കാനും നടപടി സ്വീകരിക്കുമെന്ന് കരാറുകാർ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ മഴ ശക്തമായാൽ റോഡിലൂടെയുള്ള ഗതാഗതം പൂർണമായും തടസപ്പെടും. അടിയന്തരമായി ഇടപെട്ട് യാത്രാക്ലേശത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL