കോഴിക്കോട്: കല്ലുത്താൻകടവിലെ കമല ഹോട്ടലിൽ ചൂട് പൊറാട്ടയും ബീഫും മാത്രമല്ല, ഫുട്‌ബോളും കാണാം. 1930 മുതൽ ഇങ്ങോട്ടുള്ള ലോകകപ്പിന്റെ ചരിത്രം ചിത്രമായും എഴുത്തായും ഒരു ഫുട്ബോൾ ഗാലറി തന്നെ ഒരുക്കിയിരിക്കുകയാണ് പൊറ്റമ്മൽ കാട്ടുകുളങ്ങര മാണിക്കോത്ത് ശിവദാസൻ. ഇന്നേവരെ പന്ത് തട്ടിയിട്ടില്ല. ചോദിച്ചാൽ നെഞ്ചിലാണ് പന്തെന്ന് ശിവദാസന്റെ മറുപടി.
67കാരനായ ശിവദാസന്റെ ഹോട്ടലിലേക്ക് കയറിയാൽ കഴിക്കാനെന്തുണ്ട് എന്ന് ചോദിക്കും മുമ്പേ കാണാക്കാഴ്ചകളിൽ അന്തംവിട്ടുപോകും. മറഡോണയും പെലയുമടക്കം ലോകത്തിന്റെ നെഞ്ചിടിപ്പേറ്റിയ ലോകകപ്പ് കാഴ്ചകൾ നിറയെ. മെസ്സിയുടെയും റൊണാൾഡോയുടേയും നെയ്മറിന്റേയും ആവേശങ്ങളുണ്ട്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ വരുന്നവർക്ക് സ്വാദിഷ്ടമായ ഒരു വിരുന്നുകൂടി എന്നായിരുന്നു ശിവദാസന്റെ പുഞ്ചിരിയിലൊതുക്കിയ പ്രതികരണം. അച്ഛനൊപ്പം മകൻ ഷിബിനും ഭാര്യ ബേബിയും മകൾ ഷിബിനയും ഫുട്‌ബോൾ ആവേശത്തിനൊപ്പമുണ്ട്.
' ഫുട്‌ബോൾ ജീവന്റെ ഭാഗമാണ്. കളിക്കാനൊന്നും അറിയില്ല, എത് പാതിരാവിലും ഉറക്കമൊഴിച്ച് കളി കാണും. ഇങ്ങനെയൊരു ഹോട്ടൽ ഫുട്‌ബോൾ സ്വപ്‌നമായിരുന്നു. അതിന്റെ തുടക്കം മാത്രമാണ്. വിശാലമായി ലോക ഫുട്‌ബോളിനെ ചിത്രീകരിക്കുന്ന ഹോട്ടൽ ഗ്യാലറിയാണ് ലക്ഷ്യം.' ശിവദാസൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |