SignIn
Kerala Kaumudi Online
Monday, 06 July 2026 6.35 AM IST

റാങ്ക് ലിസ്റ്റ് നിലനിൽക്കെ താത്കാലിക നിയമന നീക്കം; ആശങ്കയിൽ ഉദ്യോഗാർത്ഥികൾ

pdc-
റാങ്ക് ലിസ്റ്റ് നിലനിൽക്കെ താത്കാലിക നിയമന നീക്കം; ആശങ്കയിൽ ഉദ്യോഗാർത്ഥികൾ

കോഴിക്കോട്: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ പി.എസ്.സി. റാങ്കുപട്ടിക നിലനിൽക്കേ താത്കാലിക നിയമനം നടത്താനുള്ള നീക്കം ഉദ്യോഗാർത്ഥികളെ ആശങ്കയിലാഴ്ത്തുന്നു. റാങ്ക് പട്ടികയിലൂടെ നിയമനം പ്രതീക്ഷിച്ച് മാസങ്ങളായി കാത്തിരിക്കുന്ന ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് -രണ്ടിലുള്ള ഉദ്യോഗാർത്ഥികൾക്ക് ഇതോടെ അവസരം നഷ്ടമാകുന്ന സ്ഥിതിയാണ്. 2022 മുതലാണ് ഗ്രാമപഞ്ചായത്തുകളിൽ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്–II തസ്തികയിൽ കരാർ നിയമനം ആരംഭിച്ചത്. ജില്ലയിൽ 2026 ജനുവരിയിലാണ് 175 പേരടങ്ങുന്ന ഹെൽത്ത് ഇൻസ്പെക്ടർ പി.എസ്.സി. റാങ്ക് പട്ടിക നിലവിൽ വന്നത്. ഇതിൽ ഇതുവരെ 35 പേർക്കു മാത്രമാണ് നിയമനം ലഭിച്ചത്. സംസ്ഥാനത്ത് 1792 പേരുള്ള ലിസ്റ്റിൽ നിയമനം ലഭിച്ചത് 127 പേർക്കു മാത്രം. പുതിയ സർക്കാർ അധികാരത്തിലെത്തിയതോടെ റാങ്ക് പട്ടികയിൽനിന്ന് നിയമനങ്ങൾ ആരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇവർ.പി.എസ്.സി. റാങ്ക് പട്ടിക നിലവിലുണ്ടെങ്കിൽ താത്കാലിക നിയമനവും അതിൽനിന്ന് തന്നെ നടത്തണമെന്നാണ് ചട്ടം. അതല്ലെങ്കിൽ പി.എസ്.സി.യുടെ മുൻകൂർ അനുമതി നിർബന്ധമാണെന്ന വ്യവസ്ഥയും നിലവിലുണ്ട്. ഈ ചട്ടങ്ങൾ മറികടന്നാണ് വീണ്ടും കരാർ നിയമനത്തിന് ശ്രമമെന്നാണ് റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർത്ഥികളുടെ ആരോപണം.


എല്ലാ 941 ഗ്രാമപഞ്ചായത്തുകളിലും ഹെൽത്ത് ഇൻസ്പെക്ടർമാരെ ഒരു വർഷത്തെ കരാറിൽ നിയമിക്കാൻ അന്നത്തെ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആദ്യം നിയമനങ്ങൾ നടത്തിയ ശേഷം സർക്കാരിന്റെ അവസാനഘട്ടത്തിൽ 436 പേരെക്കൂടി നിയമിച്ച് 941 പഞ്ചായത്തുകളിലെയും നിയമനം പൂർത്തിയാക്കി. എന്നാൽ അവസാന 436 പേരെ നിയമിക്കുമ്പോഴേക്കും ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിലേക്കുള്ള പി.എസ്.സി. റാങ്ക് പട്ടിക നിലവിൽ വന്നിരുന്നുവെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു.


2025 ജൂൺ 26-ലെ ഉത്തരവുപ്രകാരം കരാറിൽ നിയമിച്ചവരുടെ കാലാവധി അവസാനിച്ചതോടെയാണ് ഇവരെ വീണ്ടും കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ അനുമതി തേടിയുള്ള ഫയൽ തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജിയുടെ പരിഗണനയിലെത്തിയത്. പി.എസ്.സി. പരീക്ഷ വിജയിച്ച് റാങ്ക് പട്ടികയിൽ ഇടം നേടിയിട്ടും നിയമനം ലഭിക്കാതെ കാത്തിരിക്കുന്നവർക്ക് അർഹമായ അവസരം ഉറപ്പാക്കണമെന്നും നിലവിലെ ഒഴിവുകൾ റാങ്ക് പട്ടികയിൽ നിന്ന് നികത്തണമെന്നുമാണ് ഇവരുടെ ആവശ്യം.

ജില്ലയിൽ........175 പേർ പട്ടികയിൽ

നിയമനം ലഭിച്ചത് 35

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL