കോഴിക്കോട്: കോഴിക്കോട് പാളയത്തെ ബിജു കൊല്ലപ്പെട്ട സംഭവത്തിൽ ഉപയോഗിച്ച ആയുധമേതെന്ന് ഇനിയും വ്യക്തമായില്ല. ചെറിയ ആയുധമാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ഉപയോഗിച്ച രീതി വ്യത്യസ്തമാണ്. കൊലപാതകത്തിന്റെ സ്വഭാവമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചതെന്ന് സിറ്റി പൊലീസ് കമ്മിഷണർ എ.പി ഷൗക്കത്തലി പറഞ്ഞു. അച്ഛന്റെ സ്കൂട്ടറെടുത്താണ് മാങ്കാവ് കുറ്റിയിൽതാഴത്തെ വീട്ടിൽ നിന്ന് പ്രതി ദീപക്ക് എത്തിയത്. കൊലയ്ക്ക് ശേഷം ബിജുവിന്റെ മൊബെെൽ ഫോണും സ്കൂട്ടറിന്റെ താക്കോലും കൊണ്ടുപോയി. ദീപക്കിന്റെ വീട്ടിലെ തലയണയ്ക്കടിയിൽ നിന്നാണ് ഫോൺ കണ്ടെത്തിയത്. ഫോണിന്റെ സിംകാർഡ് ഊരിമാറ്റി. പിന്നീടത് ഫോണിലിട്ടതോടെ പൊലീസിന് സ്ഥലം കണ്ടെത്താൻ എളുപ്പമായി.
ബിജുവിന്റെ മൃതദേഹം സംസ്കരിക്കുമ്പോൾ ആദ്യം ദീപക്ക് എത്തിയിരുന്നില്ല. രക്ഷിതാക്കൾ നിർബന്ധിച്ചപ്പോഴാണ് വന്നത്.
ചെറിയ കാര്യങ്ങൾക്കു പോലും ദീപക്ക് പെട്ടെന്ന് പ്രകോപിതനും അക്രമാസക്തനുമാകുമായിരുന്നു. ബി.എ ലിറ്ററേച്ചർ കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്. യു ട്യൂബിൽ ബോക്സിംഗ് മത്സരങ്ങൾ കാണാറുണ്ടായിരുന്നു. ഒരിക്കൽ അയൽവാസി വീട്ടിലേക്ക് വന്നപ്പോൾ ബോക്സിംഗ് രീതിയിൽ അദ്ദേഹത്തിന്റെ മുഖത്തിടിച്ചതായും പൊലീസ് പറഞ്ഞു. കിട്ടിയ തൊഴിൽ ചെയ്യുമായിരുന്നു. സ്ഥിരമായി ജോലിക്ക് പോയിരുന്നില്ല.
തെളിവ് നശിപ്പിക്കാനും ശ്രമിച്ചിരുന്നു. ലഹരി മാഫിയയുമായി ബന്ധപ്പെട്ട തർക്കങ്ങളാകാം കൊലയ്ക്കു പിന്നിലെന്ന് സംശയമുണ്ടായിരുന്നു. അതിനുള്ള സാദ്ധ്യത പരിശോധിച്ചാണ് പൊലീസ് മുന്നോട്ടു പോയത്. കഞ്ചാവ് ഉപയോഗിച്ചതിന് ഒരു കേസും രണ്ട് പേരെ മർദ്ദിച്ചതിന് കസബ സ്റ്റേഷനിൽ ദീപക്കിനെതിരെ പരാതിയുമുണ്ടായിരുന്നു. അത് രക്ഷിതാക്കൾ ഇടപെട്ട് ഒത്തുതീർപ്പാക്കി.
മികവു കാട്ടി പൊലീസ്
നഗരഹൃദയത്തിൽ നടന്ന സംഭവത്തെ ഗൗരവത്തോടെ കണ്ട സിറ്റി പൊലീസ് കമ്മിഷണർ എ.പി ഷൗക്കത്തലിയുടെ നിർദ്ദേശപ്രകാരം ടൗൺ എ.സി.പി കെ.വി പ്രമോദന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമുണ്ടാക്കി. കസബ ഇൻസ്പെക്ടർ പി.ജെ ജിമ്മിയും ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പും നിരവധി സംഘങ്ങളായാണ് അന്വേഷിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |