കോഴിക്കോട്: മൂന്ന് കോടി രൂപയ്‌ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് വിദ്യ ബാലകൃഷ്ണൻ എം.എൽ.എയെ വിളിച്ച ഡൽഹിയിലെ സൈബർ തട്ടിപ്പ് സംഘത്തിലെ പ്രധാനിയെ കോഴിക്കോട് സെെബർ പൊലീസ് തിരിച്ചറിഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി സെെബർ സെൽ അസി. കമ്മിഷണർ എസ്.എം. പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിലുണ്ട്. ഒന്നിലധികം പേർ സംഘത്തിലുണ്ടെന്നും ഇവരിൽ ചിലർ ഡൽഹിയിൽ തന്നെയുള്ളവരാണെന്നും കണ്ടെത്തി. വിളിയെത്തിയ സിംകാർഡ് ഉടമയുടെ മേൽവിലാസം നേരത്തേ തിരിച്ചറിഞ്ഞിരുന്നു.
പ്രിയങ്ക ഗാന്ധി എം.പിയുടെ ഓഫീസിൽ നിന്ന് സെക്രട്ടറി രാജ്കുമാറാണെന്ന് പരിചയപ്പെടുത്തിയായിരുന്നു കഴിഞ്ഞ ആറിന് വിദ്യയ്‌ക്ക് വിളിയെത്തിയത്. ഇംഗ്ലീഷിലായിരുന്നു സംസാരം. ജില്ലയിലെ എം.പിയിൽ നിന്നാണ് നമ്പർ വാങ്ങിയതെന്നാണ് വിളിച്ചയാൾ പറഞ്ഞത്. സംശയത്തെ തുടർന്ന് പ്രിയങ്ക ഗാന്ധിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. പാർട്ടി നിർദ്ദേശത്തെ തുടർന്ന് കഴിഞ്ഞ 11ന് പരാതി നൽകി. അതിനിടെ വിളിച്ചയാൾ പറഞ്ഞ എം.പിയുമായി വിദ്യ സംസാരിച്ചു. പാർട്ടി ആസ്ഥാനത്ത് നിന്നാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ വിളിച്ചതെന്നും മറ്റ് രണ്ട് എം.എൽ.എമാരുടെ നമ്പർ കൂടി നൽകിയെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിൽ പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറി രാജ്കുമാർ വയനാട് എസ്.പിക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു. എം.പിമാരായ ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് എന്നിവർക്കും സമാന രീതിയിൽ വിളിയെത്തിയിരുന്നു. തട്ടിപ്പുകാർ മറ്റു പല എം.എൽ.എമാരെയും വിളിച്ചിട്ടുണ്ടെന്ന് വിദ്യ ബാലകൃഷ്ണനും വെളിപ്പെടുത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |