SignIn
Kerala Kaumudi Online
Friday, 07 August 2026 8.46 AM IST

ചോദിക്കാനും പറയാനും ആരുമില്ലേ...? ദുരിതപാതകളാവുന്ന സർവീസ് റോഡുകൾ

കോഴിക്കോട്: പുതിയ ബൈപാസിലൂടെ വാഹനങ്ങൾ ചീറിപ്പായുമ്പോൾ സർവീസ് റോഡുകൾക്ക് രക്ഷയില്ല. വാഹനയാത്രയ്ക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ഭീഷണിയാകുന്ന തരത്തിലാണ് സർവീസ് റോഡുകളുടെ നിലവിലെ അവസ്ഥ. വെള്ളക്കെട്ടിൽ മുങ്ങിയും കൂഴിയിൽ വീണും ഗതാഗതം തടസപ്പെടുന്ന കാഴ്ചയാണിവിടെ. സർവീസ് റോഡുകൾ വെള്ളത്തിനടിയിലാകുമ്പോൾ സ്‌കൂൾ വിദ്യാർത്ഥികൾ, ഇരുചക്ര വാഹന യാത്രക്കാർ, ജോലി സ്ഥലങ്ങളിലേക്ക് പോകുന്നവർ വഴിയിലാവുകയാണ്.
ഇടിമൂഴിക്കൽ മുതൽ വെങ്ങളം വരെ ബൈപാസിന്റെ ഇരുവശങ്ങളിലുമുള്ള സർവീസ് റോഡുകളിൽ മഴ പെയ്താൽ വെള്ളക്കെട്ട് പതിവുകാഴ്ചയാണ്. ബൈപാസിൽ നിന്ന് തുറന്നുവിടുന്ന വെള്ളം സർവീസ് റോഡുകളിലേക്കാണ് പതിക്കുന്നത്.അത് ഒഴുകിപ്പോകാൻ ഡ്രെയിനേജ് സംവിധാനമില്ലാത്തതിനാൽ റോഡുകൾ ചെറിയ കുളങ്ങളായി മാറുകയാണ്.
മലാപ്പറമ്പ്-പൂളാടിക്കുന്ന് ഭാഗത്തെ സർവീസ് റോഡുകളിൽ പല ഇടങ്ങളിലും വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്ന കാഴ്ചയാണ്. മാളിക്കടവ് ജംഗ്ഷനിൽ വെള്ളക്കെട്ട് രൂക്ഷമാകുമ്പോൾ ഗതാഗതം മണിക്കൂറുകളോളം സ്തംഭിക്കും. കണ്ണൂർ, കുറ്റ്യാടി ഭാഗങ്ങളിൽ നിന്ന് വേങ്ങേരി, മലാപ്പറമ്പ്, വയനാട് ഭാഗങ്ങളിലേക്ക് സർവീസ് റോഡ് ഉപയോഗിക്കുന്ന നൂറുകണക്കിന് വാഹനങ്ങൾ വഴിയറിയാതെ തലങ്ങും വിലങ്ങും തിരിഞ്ഞുപോകേണ്ട അവസ്ഥയാണ്.
തൊണ്ടയാട്-രാമനാട്ടുകര, ഹൈലൈറ്റ് മാൾ പരിസരം, വേങ്ങേരി-പൂളാടിക്കുന്ന്, ചേവരമ്പലം-ഗോൾഫ് ലിങ്ക് റോഡ്, വടകര, മൂടാടി, പയ്യോളി, അയനിക്കാട് തുടങ്ങി പല മേഖലകളിലും സർവീസ് റോഡുകളിലെ വെള്ളക്കെട്ട് രൂക്ഷമാണ്. തൊണ്ടയാട് ഫ്ലൈഓവറിന് സമീപത്തെ സർവീസ് റോഡിൽ ഡ്രെയിനേജ് തകരാറിനെക്കുറിച്ചുള്ള പരാതിയും വ്യാപകമാണ്. കുത്തിയെത്തുന്ന വെള്ളം നേരിട്ട് സർവീസ് റോഡുകളിലേക്കാണ് പതിക്കുന്നത്. പുതുതായി നിർമ്മിച്ച ഓടകൾക്ക് ശക്തമായ മഴവെള്ളപ്പാച്ചിൽ ഉൾക്കൊള്ളാൻ കഴിയാത്തതിനാൽ വെള്ളം റോഡിലാകെ പരന്നൊഴുകുകയാണ്. ഇതോടെ വാഹനഗതാഗതക്കുരുക്കും അപകടസാദ്ധ്യതയും വർദ്ധിക്കുന്നു. സർവീസ് റോഡുകളിൽ കെട്ടിനിൽക്കുന്ന വെള്ളം സമീപത്തെ വീടുകളിലേക്ക് ഒഴുകുന്നതോടെ വീട്ടുകാർക്കും തീരാദുരിതം.
ഓട്ടോറിക്ഷകളും സ്‌കൂട്ടറുകളും ഉൾപ്പെടെ ഭൂരിഭാഗം പ്രാദേശിക വാഹനങ്ങളും സഞ്ചരിക്കുന്നത് ഈ സർവീസ് റോഡുകളിലൂടെയാണ്. കാൽനടയാത്ര പോലും ദുഷ്‌കരമായ സാഹചര്യത്തിൽ ദിവസേന യാത്ര ചെയ്യുന്ന സാധാരണക്കാരാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്. സന്നദ്ധപ്രവർത്തകർ വെള്ളക്കെട്ട് നീക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും പൂർണമായും വിജയിച്ചിട്ടില്ല. മലാപ്പറമ്പ് പാച്ചാക്കൽ തൊണ്ടയാട് മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങളും അപൂർണമായ ഡ്രെയിനേജും കാരണം ചെളിയും വെള്ളക്കെട്ടുമുണ്ടാകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. പന്തീരാങ്കാവ് ഭാഗത്തെ സർവീസ് റോഡുകളിലും ഇതാണ് സ്ഥിതി. മഠത്തിൽമുക്ക് റോഡ് സർവീസ് റോഡ് കണക്ഷൻ ഭാഗത്തും കാരപ്പറമ്പ് -മലാപ്പറമ്പ് സർവീസ് റോഡിലും വെള്ളക്കെട്ടുണ്ട്. ചെറുകിട വ്യാപാരസ്ഥാപനങ്ങൾ പലതും അടച്ചിടേണ്ട അവസ്ഥയുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL