കോഴിക്കോട്: കേരളത്തിന്റെ പൊതുമേഖലാ ബ്രാൻഡായ ' കേരള സോപ്സ് ' ഇനി യു.കെ, അയർലൻഡ് വിപണികളിലും ലഭ്യമാകും. ഇതിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ആർ.ജി. ഫുഡ്സുമായി ധാരണാപത്രം ഒപ്പുവെച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ് സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പുവെക്കലും ആദ്യ ഓർഡർ കൈമാറ്റവും നടന്നത്. കെ.എസ്.എൈ.ഇ മാനേജിംഗ് ഡയറക്ടർ ഡോ. അനിൽ മുഹമ്മദും ആർ.ജി. ഫുഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ വിഷ്ണു ആർ.ജിയുമാണ് കരാറിൽ ഒപ്പുവെച്ചത്. വിവിധ സർക്കാർ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. കേരളത്തിൽ 1.5 ലക്ഷത്തിലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകളും 35-ലധികം രാജ്യങ്ങളിലായി ആഗോള വിതരണ ശൃംഖലയുമുള്ള ആർ.ജി. ഗ്രൂപ്പാണ് കേരള സോപ്സിന്റെ യു.കെ, അയർലൻഡ് വിതരണത്തിന് നേതൃത്വം നൽകുക.
കേരളത്തിൽ നിർമ്മിക്കുന്ന മികച്ച ഉൽപ്പന്നങ്ങളെയും പൊതുമേഖലാ സ്ഥാപനങ്ങളെയും ആഗോള വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ സംരംഭമെന്ന് ആർ.ജി. ഫുഡ്സ് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |