കോഴിക്കോട്: കായികമാമാങ്കത്തെ വരവേൽക്കാൻ മഴ മാറിനിന്നപ്പോൾ ആവേശത്തിന്റെ ആരവങ്ങളുമായി കോഴിക്കോട്ട് കായികോത്സവത്തിന് വർണാഭമായ തുടക്കം. കാത്തിരുന്ന കായികവിരുന്നിന് സാക്ഷികളാകാൻ രാവിലെതന്നെ വേദികളിലേക്ക് ഒഴുകിയെത്തിയ കുട്ടികളും അദ്ധ്യാപകരും കാണികളും എൻ.ഐ.ടി ക്യാമ്പസിനെ ഉത്സവലഹരിയിലാക്കി. നാലായിരത്തോളം താരങ്ങൾ അണിനിരന്ന മാർച്ച് പാസ്റ്റും മൂവായിരത്തോളം വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും ഉദ്ഘാടനച്ചടങ്ങിന് മിഴിവേകി. ഇനി ഏഴുനാൾ ട്രാക്കിലും ഫീൽഡിലും തീപാറുന്ന പോരാട്ടങ്ങൾക്കാണ് കോഴിക്കോട് വേദിയാകുന്നത്. 117.5 പവൻ തൂക്കമുള്ള സ്വർണക്കപ്പിൽ ഇത്തവണ ആര് മുത്തമിടുമെന്ന ആകാംക്ഷയിലാണ് കായികകേരളം. 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് എൻ.ഐ.ടി സിന്തറ്റിക് ട്രാക്കിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളെ ലഹരിമാഫിയകൾക്ക് വിട്ടുകൊടുക്കില്ലെന്നും ലഹരിക്കെതിരായ ഏറ്റവും ശക്തമായ പ്രതിരോധമാണ് കായികരംഗമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ കൈമാറിയ ദീപശിഖയിൽ മുഖ്യമന്ത്രി ദീപം തെളിയിച്ചു. മന്ത്രി എൻ. ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന മൂന്നാമത്തെ കായികമേളയാണ്. 11 വർഷങ്ങൾക്ക് ശേഷമാണ് കോഴിക്കോട് കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. 14 ജില്ലകളിൽ നിന്നുള്ള ടീമുകൾ അണിനിരന്നതോടെ കായികമേളയുടെ മത്സരച്ചൂട് ഉദ്ഘാടനവേദിയിലും പ്രകടമായി. ലഹരിവിരുദ്ധ പ്രതിജ്ഞയും ചടങ്ങിന്റെ ഭാഗമായി
ആവേശം
പത്തോളം വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. പതിനായിരത്തോളം കായികതാരങ്ങൾ മാറ്റുരയ്ക്കുന്ന മേളയിൽ അത്‌ലറ്റിക്സ് മത്സരങ്ങളിൽ മാത്രം 2,800 ഓളം താരങ്ങൾ പങ്കെടുക്കും. ഗൾഫ് മേഖലയിലെ കേരള സിലബസ് സ്കൂളുകളിൽ നിന്നുള്ള കുട്ടികളും മേളയ്ക്കായെത്തിയിട്ടുണ്ട്.
മഴ മാറി മനം തെളിഞ്ഞു
മഴയുടെ ആശങ്കകൾക്കിടയിലും മേളയ്ക്കായി ഒരുക്കങ്ങൾ പൂർത്തിയാക്കിയ സംഘാടകർക്ക് ഉദ്ഘാടനദിവസം മഴ മാറിനിന്നത് ആശ്വാസമായി. നേരത്തേ വേദിയിലെത്തിയ കുട്ടികൾക്കും പരിശീലകർക്കും കാണികൾക്കും തടസങ്ങളില്ലാതെ ചടങ്ങുകൾ ആസ്വദിക്കാനായി. കായികതാരങ്ങളുടെ ആവേശവും കാണികളുടെ ആരവവും ചേർന്നപ്പോൾ എൻ.ഐ.ടി ക്യാമ്പസ് കായികോത്സവത്തിന്റെ നിറവിലായി.
സദ്യയും പായസവുമായി പഴയിടം
കായികതാരങ്ങൾക്കും പരിശീലകർക്കും ഉദ്യോഗസ്ഥർക്കും പായസവും ചോറും കറികളുമാണ് ഒരുക്കിയത്. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഭക്ഷണവിതരണം. പ്രതിദിനം ഏകദേശം 20,000 പേർക്ക് ഭക്ഷണം നൽകുന്നതിനായി രണ്ട് കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.
സ്വർണക്കപ്പിനായി ഇനി പോരാട്ടം
കഴിഞ്ഞ തവണ കപ്പ് സ്വന്തമാക്കിയ തിരുവനന്തപുരത്തിന് ഇത്തവണയും കിരീടം നിലനിർത്താനാകുമോ, അതോ മറ്റൊരു ജില്ല കപ്പിൽ മുത്തമിടുമോ എന്നതാണ് കായികപ്രേമികൾ ഉറ്റുനോക്കുന്നത്.
സ്വർണക്കപ്പിനും ദീപശിഖയ്ക്കും ആവേശോജ്ജ്വല സ്വീകരണം
കോഴിക്കോട്: 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി എത്തിച്ചേർന്ന 117.5 പവൻ തൂക്കമുള്ള സ്വർണക്കപ്പിനും ദീപശിഖാ പ്രയാണത്തിനും കോഴിക്കോട് ബീച്ചിൽ ആവേശോജ്ജ്വല സ്വീകരണം നൽകി. പൊതു വിദ്യാഭ്യാസ- ന്യൂനപക്ഷ ക്ഷേമ മന്ത്രി എൻ. ഷംസുദ്ദീൻ സ്വർണക്കപ്പ് ഏറ്റുവാങ്ങി സ്വീകരണച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. വി.കെ ഫൈസൽ ബാബു എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി. മുഖ്യാതിഥിയായി. കായികമേളയ്ക്ക് കോഴിക്കോട് ആതിഥേയത്വം വഹിക്കുമെന്ന് പ്രഖ്യാപിച്ചതു മുതൽ ജനപ്രതിനിധികളുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും വിവിധ പ്രോഗ്രാം കമ്മിറ്റികളുടെയും കായികപ്രേമികളുടെയും നേതൃത്വത്തിൽ ആവേശകരമായ ഒരുക്കങ്ങളാണ് നടന്നുവരുന്നതെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. ജില്ലാ അതിർത്തിയായ ഐക്കരപ്പടിയിൽ ടി.പി.അഷ്റഫലി എം.എൽ.എയാണ് കോഴിക്കോട് ജില്ലക്ക് സ്വർണ്ണക്കപ്പ് കൈമാറിയത്. ശേഷം സ്വർണക്കപ്പ് ഘോഷയാത്ര രാമനാട്ടുകര, ഫറോക്ക്, ചുങ്കം, മീഞ്ചന്ത, ഫ്രാൻസിസ് റോഡ് വഴി കോഴിക്കോട് ബീച്ചിലെത്തി. ബീച്ചിലെ സ്വീകരണത്തിനുശേഷം ഓവർബ്രിഡ്ജ് വഴി മാനാഞ്ചിറ ഗവൺമെന്റ് ടി.ടി.ഐ. യിലെത്തുന്ന സ്വർണ്ണ കപ്പും ദീപശിഖാ പ്രയാണവും മാനാഞ്ചിറ ചുറ്റി പുതിയ ബസ് സ്റ്റാൻഡ്, അരയിടത്തുപാലം വഴി മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർ സെക്കൻഡറി സ്കൂളിലെത്തി. ഉച്ചയ്ക്ക് രണ്ടിന് കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിലെത്തുന്ന സ്വർണ്ണ കപ്പും ദീപശിഖാ പ്രയാണവും വൈകിട്ട് മൂന്നോടെ സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രധാന വേദിയായ എൻ.ഐ.ടി. ക്യാമ്പസിലെത്തി. തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച സ്വർണക്കപ്പിന്റെ പ്രയാണം വിവിധ ജില്ലകളിലൂടെ സഞ്ചരിച്ചാണ് കോഴിക്കോട്ടെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |