SignIn
Kerala Kaumudi Online
Friday, 23 October 2026 4.45 PM IST

നാട്ടുകാർ പണിത മാമ്പറ്റ പാലം അപകടാവസ്ഥയിൽ ഭീതി ഒഴിയാതെ നാട്ടുകാർ

s

കാളികാവ് : അരനൂറ്റാണ്ട് മുമ്പ് നാട്ടുകാർ പണിത കരുവാരകുണ്ട് മാമ്പറ്റ പാലം അപകടാവസ്ഥയിൽ. മലവെള്ളപ്പാച്ചിലിൽ കൈവരി തകർന്നാണ് പാലം അപകടാവസ്ഥയിലായത്. ശക്തമായ കുത്തൊഴുക്കുള്ള മലവെള്ള പാച്ചിലുണ്ടായാൽ ഉള്ള പാലവും തകരുമോ എന്ന ഭീതിയിലാണ് നാട്ടുകാർ.
കൈവരികളില്ലാത്തതും വീതി കുറഞ്ഞതുമായ പാലത്തിലൂടെയുള്ള യാത്ര സാഹസം നിറഞ്ഞതാണ്.കിഴക്കേതല കൽക്കുണ്ട് റോഡിൽ ഒലിപ്പുഴയ്ക്ക് കുറുകെ നിർമ്മിച്ച മാമ്പറ്റയിലെ പാലമാണ് നാട്ടുകാരെ അസ്വസ്ഥരാക്കുന്നത്.
മലവാരത്ത് ചെറിയ മഴ പെയ്താൽ പോലും പാലത്തിന് മുകളിലൂടെ വെള്ളമൊഴുകുന്ന അവസ്ഥയാണുള്ളത്. ഒന്ന് തെന്നിയാൽ അപകടം ഉറപ്പാണ്.
1975ൽ പ്രദേശവാസികൾ നടപ്പാലം എന്ന നിലയിലാണ് മാമ്പറ്റയിൽ പാലം പണിതത്. കൽക്കുണ്ട് , ചേരി, മുള്ളറ, കപ്പിലാംതോട്ടം തുടങ്ങിയ മലയോര കാർഷിക മേഖലയിലെ ജനങ്ങളെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നതിനുള്ള ഏക വഴിയാണിത്.കാർഷിക ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതിനുള്ള മാർഗം എന്ന നിലയിലാണ് നാട്ടുകാർ സ്വന്തം പണം ചെലവഴിച്ച് ഒരു ലോറിക്ക് പോകാൻ വീതിയുള്ള തരത്തിൽ പാലം നിർമ്മിച്ചത്. പിന്നീട് പാലത്തിലൂടെ ഗതാഗതവും ആരംഭിച്ചു. ദിവസവും പത്തോളം ചെറുതും വലുതുമായ ബസ്സുകൾ മാമ്പറ്റ പാലത്തിലൂടെ ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്. മലയോരത്തെ പ്രധാന വിനോദ സഞ്ചാര മേഖലയായ കേരളാംകുണ്ട് വെള്ളച്ചാട്ടത്തിലെത്താനും മാമ്പറ്റ പാലം കടക്കണം. വിനോദ സഞ്ചാരികളുടേതുൾപ്പെടെ ദിവസവും നൂറിലേറെ വാഹനങ്ങൾ പാലത്തിലൂടെ കടന്ന് പോകുന്നുണ്ട്.മലവെള്ള പാച്ചിലിന്റെ കുത്തൊഴുക്കിൽ പാലത്തിന്റെ ഉറപ്പിലും നാട്ടുകാർക്ക് ആശങ്കയുണ്ട്.
വാഹന ഗതാഗതം വർദ്ധിച്ചതോടെ സുരക്ഷാ ഭീഷണി ഏറിയിട്ടുണ്ട്. രണ്ട് തവണ ജീപ്പും ഓട്ടോയും പുഴയിലേക്ക് മറിഞ്ഞ് അപകടം ഉണ്ടായിട്ടുണ്ട്.
കൽക്കുണ്ട് റോഡ് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തുവെങ്കിലും പാലം പുനർ നിർമ്മിക്കാൻ നടപടിയായിട്ടില്ല. ഗതാഗതം മുടങ്ങിയാൽ കാർഷിക വിളകൾ വിപണിയിലെത്തിക്കാൻ കഴിയില്ലെന്ന് കർഷകർ പറയുന്നു. വാഹന ഗതാഗതം കൂടിയത് ഉൾപ്പെടെ ചൂണ്ടിക്കാണിച്ച് പാലം പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പരാതി നൽകി വർഷങ്ങളായിട്ടും നടപടി ഉണ്ടായിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, BRIDGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL