മലപ്പുറം: ഓണക്കാലമെത്തിയിട്ടും നെല്ല് സംഭരിച്ച വകയിലുള്ള കുടിശ്ശിക തുക പൂർണ്ണമായി അനുവദിക്കാത്തതിനെ തുടർന്ന് മലപ്പുറം ജില്ലയിലെ നെൽകർഷകർ കടുത്ത പ്രതിസന്ധിയിൽ. സപ്ലൈകോ മുഖേനയുള്ള പി.ആർ.എസ് കുടിശ്ശിക തീർപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ 150 കോടി രൂപ അനുവദിക്കുകയും വിതരണ നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, ജില്ലയിലെ കർഷകരുടെ കുടിശ്ശിക മുഴുവനായി തീർപ്പാക്കാൻ ഈ തുക തികയില്ല. മലപ്പുറത്ത് മാത്രം 9,015 കർഷകർക്കായി 13.15 കോടി രൂപയാണ് വിതരണം ചെയ്യാനുള്ളത്. ജൂൺ വരെയുള്ള കുടിശ്ശിക തീർപ്പാക്കാനാണ് നിലവിൽ തുക അനുവദിച്ചിട്ടുള്ളത്.
മുൻ സീസണിലെ നെല്ലിന്റെ വില കിട്ടാക്കടമായി നിൽക്കുകയും അടുത്ത കൃഷിക്കുള്ള സമയം എത്തുകയും ചെയ്തതോടെ കർഷകർ പ്രതിസന്ധിയിലായിട്ടുണ്ട്. വളം, കീടനാശിനി, കൂലി എന്നിവയുടെ നിരക്ക് വർദ്ധിച്ചിട്ടുണ്ട്. പലരും ബാങ്കിൽ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പണം കടമെടുത്താണ് കൃഷിയിറക്കിയത്. സംഭരിച്ച നെല്ലിന്റെ തുക അനുവദിക്കാൻ വൈകിയതോടെ പലരുടെയും തിരിച്ചടവ് മുടങ്ങി. മുൻ സീസണുകളിലെ കുടിശ്ശിക പൂർണ്ണമായി തീർപ്പാക്കാത്തതിൽ കർഷകർക്കിടയിൽ വലിയ പ്രതിഷേധമാണ് പുകയുന്നത്. ഓണക്കാലം പരിഗണിച്ചെങ്കിലും അടിയന്തരമായി കൂടുതൽ ഫണ്ട് വകയിരുത്താൻ സർക്കാർ നടപടിയെടുക്കണമെന്നാണ് കർഷകരുടെ ആവശ്യം.
അനുവദിച്ച തുക തികയില്ല
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കനറ ബാങ്ക് എന്നിവയുൾപ്പെടുന്ന ബാങ്ക് കൺസോർഷ്യം വഴി വെള്ളിയാഴ്ച മുതൽ 150 കോടി രൂപയുടെ കുടിശ്ശിക വിതരണം ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ആകെ 400 കോടിയോളമാണ് കുടിശ്ശിക.
ഇപ്പോൾ അനുവദിച്ച തുക വിവിധ ജില്ലകളിലേക്ക് വീതിച്ചുനൽകുമ്പോൾ, മലപ്പുറത്തെ 13 കോടിയുടെ കുടിശ്ശിക പൂർണ്ണമായി തീർപ്പാക്കാൻ സാധിക്കില്ല.
മലപ്പുറം ജില്ലയിലെ നെൽകർഷകരുടെ കുടിശ്ശിക ഘട്ടംഘട്ടമായി തീർപ്പാക്കാനുള്ള നടപടികൾ സപ്ലൈകോയുടെ ഭാഗത്തുനിന്ന് പുരോഗമിക്കുന്നുണ്ട്. സർക്കാർ അനുവദിച്ച തുക ഉപയോഗിച്ച് വെള്ളിയാഴ്ച മുതൽ തന്നെ ബാങ്കുകൾ വഴി തുക കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറി തുടങ്ങിയിട്ടുണ്ട്.
കെ.എസ്. അമൃത (പാഡി മാർക്കറ്റിംഗ് ഓഫീസർ, സപ്ലൈകോ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |