SignIn
Kerala Kaumudi Online
Monday, 21 September 2026 4.18 AM IST

രോഗബാധയും കാലാവസ്ഥാ വ്യതിയാനവും; കവുങ്ങ് കർഷകർ പ്രതിസന്ധിയിൽ

farmer
രോഗബാധയിൽ കവുങ്ങുകൾ ഒന്നൊന്നായി ഉണങ്ങി നശിച്ചപ്പോൾ, കർഷകൻ ജോസഫ് മാത്യു തോട്ടത്തിൽ

നിലമ്പൂർ: കാലാവസ്ഥാ വ്യതിയാനവും രോഗബാധകളും മൂലം മലയോര മേഖലയിലെ കവുങ്ങ് കർഷകർ പ്രതിസന്ധിയിൽ. മഞ്ഞളിപ്പ്, കൂമ്പ് ചീയൽ, മഹാളി രോഗങ്ങൾ വ്യാപകമായതോടെ ഉൽപ്പാദനം ഇടിഞ്ഞു. വിളനാശത്തിനൊപ്പം വിപണിയിലെ കടുത്ത വിലക്കുറവ് കൂടിയായതോടെ കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിന് കർഷക കുടുംബങ്ങളുടെ ജീവിതം ദുരിതത്തിലായിരിക്കുകയാണ്. രോഗബാധ തടയുന്നതിനും വിളനാശം സംഭവിച്ച കർഷകർക്ക് അടിയന്തര സഹായം എത്തിക്കുന്നതിനും കൃഷി വകുപ്പിന്റെയും സർക്കാറിന്റെയും ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന് കർഷകർ ആരോപിക്കുന്നു.
ചാലിയാർ അഞ്ചാം വാർഡിൽ തന്റെ വിരമിക്കൽ ആനുകൂല്യങ്ങൾ മുഴുവൻ ഉപയോഗിച്ച് 11 ഏക്കറിൽ കൃഷിയിറക്കിയ ജോസഫ് മാത്യുവിനെപ്പോലുള്ള നിരവധിയാളുകൾ പ്രദേശത്തുണ്ട്. മികച്ച വിളവ് പ്രതീക്ഷിച്ച് തമിഴ്നാട്ടിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ച് വെച്ചുപിടിപ്പിച്ച മോഹിത് നഗർ, മംഗള, കാസറഗോഡ് തുടങ്ങിയ ഉയർന്ന ഗുണനിലവാരമുള്ള ഇനം കവുങ്ങുകളെല്ലാം രോഗബാധയേറ്റ് ഉണങ്ങി നശിക്കുകയാണ്.
മഞ്ഞളിപ്പും കൂമ്പ് ചീയലും പടരുന്നതിനെക്കുറിച്ച് പലതവണ കൃഷി ഓഫീസുകളിൽ വിവരമറിയിച്ചിട്ടും ആവശ്യമായ സാങ്കേതിക ഉപദേശങ്ങളോ നഷ്ടപരിഹാരമോ ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി. ജൈവവളങ്ങളും മരുന്നുകളും സ്വന്തം നിലയിൽ ഉപയോഗിച്ച് രോഗവ്യാപനം തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും കാലാവസ്ഥയിലെ വ്യതിയാനം കാരണം പ്രതിരോധ നടപടികളെല്ലാം നിഷ്ഫലമാകുകയാണ്. കടുത്ത വേനലും അസമയത്ത് പെയ്യുന്ന മഴയും മൂലം മരുന്ന് തളിക്കാൻ സാധിക്കാത്തതും വന്യമൃഗശല്യവും പ്രതിസന്ധി ഇരട്ടിയാക്കുന്നു. കവുങ്ങിന് പുറമെ തെങ്ങ്, റബ്ബർ തുടങ്ങിയ കൃഷികളും സമാനമായ തകർച്ച നേരിടുകയാണ്.
കവുങ്ങ് കൃഷിയിലെ മഞ്ഞരോഗത്തിന് ശാശ്വതമായ പരിഹാരം കാണാൻ ശാസ്ത്രീയമായ പഠനങ്ങൾ നടത്തണമെന്നും കനത്ത നഷ്ടം സംഭവിച്ച കർഷകർക്ക് അടിയന്തര സാമ്പത്തിക സഹായവും പലിശരഹിത വായ്പകളും അനുവദിക്കണമെന്നും മലയോരത്തെ കർഷകകർ ആവശ്യപ്പെടുന്നു.

ഉൽപ്പാദനം കുറഞ്ഞു

മുമ്പ് ഒരു ഹെക്ടറിൽ നിന്ന് 70 മുതൽ 75 ക്വിന്റൽ വരെ അടയ്ക്ക ലഭിച്ചിരുന്ന തോട്ടങ്ങളിൽ ഇന്ന് പത്തിലൊന്ന് പോലും തികച്ച് ലഭിക്കാത്ത അവസ്ഥയാണെന്ന് കർഷകർ പറയുന്നു. നാടൻ ഇനം കവുങ്ങുകൾക്ക് 30 മുതൽ 40 വർഷം വരെ ആയുസ്സുണ്ടായിരുന്ന സ്ഥാനത്ത് പുതിയ ഉയർന്ന വിളവ് തരുന്ന ഇനങ്ങൾ 25 വർഷമെത്തുമ്പോഴേക്കും പൂർണ്ണമായി നശിക്കുന്ന അവസ്ഥയിലാണ്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് കുളങ്ങൾ കുഴിച്ചും സ്പ്രിംഗ്ലർ, പൈപ്പ് ലൈൻ സംവിധാനങ്ങൾ ഒരുക്കിയുമാണ് പലരും കൃഷി മുന്നോട്ട് കൊണ്ടുപോയിരുന്നത്. എന്നാൽ ഉൽപ്പാദനം നിലച്ചതോടെ ബാങ്ക് വായ്പയെടുത്തും കയ്യിലുള്ള സമ്പാദ്യം ഉപയോഗിച്ചും കൃഷിയിറക്കിയവർ ഇനി എങ്ങനെ മുന്നോട്ട് പോകുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL