വാളയാർ: അപകട മരണങ്ങൾ തുടർക്കഥയായ വാളയാർ ഡാമിൽ സുരക്ഷ ഒരുക്കാൻ കഴിയാതെ അധികൃതർ. ഡാം സന്ദർശനത്തിന് എത്തുന്നവർ വിലക്ക് ലംഘിച്ച് ഡാമിൽ കുളിക്കാൻ ഇറങ്ങുന്നത് വലിയ സുരക്ഷാ പ്രശ്നമായി മാറിയിരിക്കുകയാണ്. തമിഴ്നാടിന്റെ അധീനതയിലുള്ള പ്രദേശത്തുകൂടെ ഡാമിലേക്ക് വഴിയുണ്ടെന്നതാണ് സുരക്ഷ ഒരുക്കുന്നതിനുള്ള പ്രധാന തടസം. ഡാം കാണാൻ തമിഴ് നാട്ടിൽ നിന്നാണ് കൂടുതൽ സഞ്ചാരികൾ എത്തുന്നത്. ഇവർ തമിഴ്നാടിന്റെ അധീനതയിലുള്ള പീച്ചനൂർ വഴിയാണ് ഡാമിലേക്ക് ഇറങ്ങുന്നത്. ഇവിടുത്തെ പാറക്കെട്ടുകളിലൂടെ കയറി ഡാമിലേക്ക് ഇറങ്ങുകയാണ് ചെയ്യുന്നത്. ഡാമിനകത്തെ മണലെടുത്ത കുഴികൾ ചെളി നിറഞ്ഞ് കിടക്കുകയാണ്. ഇതിൽ കുരുങ്ങി ജീവനപഹരിക്കപ്പെട്ടവർ നിരവധിയാണ്. ഇവിടേക്കാണ് സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികൾ മുന്നറിയിപ്പുകൾ എല്ലാം അവഗണിച്ച് കുളിക്കാനിറങ്ങുന്നത്. തമിഴ്‌നാടിന്റെ സ്ഥലത്ത് സ്ഥലത്ത് വേലിയോ സ്ഥാപിക്കാൻ കഴിയില്ല. ഈ ഭാഗത്ത് കൂടുതൽ ജീവനക്കാരെ നിയോഗിച്ച് ഡാമിലേക്ക് ഇറങ്ങുന്നവരെ തടയുക മാത്രമാണ് ഇനി ഒരു ദുരന്തം ഒഴിവാക്കാനുള്ള ഏക പോംവഴി. നിലവിൽ ജീവനക്കാരുടെ എണ്ണം കുറവായത് കൊണ്ട് ഇതിന് കഴിയുന്നില്ല. കരാർ അടിസ്ഥാനത്തിലെങ്കിലും കൂടുതൽ ജീവനക്കാരെ നിയമിച്ച് ഡാമിലേക്ക് ഇറങ്ങുന്നവരെ തടയണമെന്ന ആവശ്യം ശക്തമാണ്. വാളയാർ ഡാമിൽ മരണമടഞ്ഞവരിൽ അധികവും വിദ്യാർത്ഥികളും യുവാക്കളുമാണ്. ഡാം നിലവിൽ വന്നതിന് ശേഷം 59 പേർ മുങ്ങി മരിച്ചു എന്നാണ് ഔദ്യോഗിക കണക്ക്. യഥാർത്ഥ കണക്ക് ഇതിലും വലുതായിരിക്കുമെന്ന് പരിസരവാസികൾ പറയുന്നു. 2017 നവംബർ: തമിഴ്നാട്ടിലെ സ്വകാര്യ കോളേജിലെ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. 2018ൽ രണ്ട് അപകടങ്ങളിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങി മരിച്ചു. ആറ് കോളേജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. 2021 സെപ്തംബർ 28: കോയമ്പത്തൂർ പോളി ടെക്നിക് കോളേജിലെ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. 2023 ആഗസ്റ്റ് 6: പൊള്ളാച്ചി സ്വദേശികളായ രണ്ട് കോളേജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. 2026 ജനുവരി 31: കോയമ്പത്തൂരിലെ സ്വകാര്യ പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥി മുങ്ങി മരിച്ചു. 2026 ഏപ്രിൽ 19: അവധി ആഘോഷിക്കാനെത്തിയ തിരിപ്പൂർ സ്വദേശി വിഷ്ണു (21) മുങ്ങിമരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |