SignIn
Kerala Kaumudi Online
Saturday, 13 June 2026 3.21 AM IST

ജൽജീവൻ മിഷൻ രണ്ടാം ഘട്ടം: 53 കോടിയുടെ പദ്ധതിക്ക് അനുമതി 

jal-jeevan

പട്ടാമ്പി: ജൽജീവൻ മിഷൻ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്ന് പഞ്ചായത്തുകൾക്കായി 53 കോടി രൂപയുടെ പദ്ധതിക്ക് അനുമതിയായി. കപ്പൂർ, ആനക്കര, പട്ടിത്തറ പഞ്ചായത്തുകളിലെ ജലക്ഷാമത്തിന് പരിപൂർണ പരിഹാരം കാണുന്നതാണ് പദ്ധതി. നടത്തിപ്പുമായി ബന്ധപ്പെട്ട് ജൽജീവൻ മിഷൻ ഉന്നതതല ഉദ്യോഗസ്ഥ സംഘം കപ്പൂർ പഞ്ചായത്ത് അധികൃതരുമായി കൂടിക്കാഴ്ച നടത്തി. തൃത്താല വെള്ളിയാങ്കല്ലിന് സമീപം പുതിയ കിണർ നിർമ്മിച്ച് ജല ശുദ്ധീകരണത്തിന്നായി പട്ടിത്തറ പഞ്ചായത്തിലെ കുണ്ടുകാടിന് സമീപം ജലശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കും. പിന്നീട് കുഴൽ വഴി കപ്പൂർ പഞ്ചായത്തിലെ പറക്കുളത്തും ആനക്കര പഞ്ചായത്തിലെ പൊന്നത്താൻ നിരയിലും നിർമ്മിക്കുന്ന ജല സംഭണികളിൽ എത്തിച്ച് വിതരണം ചെയ്യുന്ന പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. കൂറ്റൻ ജലസംഭരണികൾക്ക് പുറമെ മോട്ടോർ പമ്പുകൾ, പ്രത്യേക ട്രാൻസ്‌ഫോർമറുകൾ സ്ഥാപിക്കലും അനുബന്ധ ജോലികളും പദ്ധതിയിൽ ഉൾപ്പെടും. നാഷണൽ വാഷ് എക്സ്‌പേർട്ട് സൗമേന്ദ്ര രാജൻ ഗാംഗുലി, പാലക്കാട് ഡിവിഷൻ പ്രൊജക്ട് ഓഫീസർ ഷബീറലി, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർമാരായ ശ്യാംജിത്, ഷാംലാൽ, ഷൊർണൂർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീനിയർ എൻ.പി.സദീപ് കുമാർ, പ്രൊജക്ട് കോ ഓർഡിനേറ്റർ സന്തോഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ, ഉപാധ്യക്ഷൻ പി.രാജീവ്, അലി കുമരനല്ലൂർ, ഷരീഫ് അന്നിക്കര, കെ.നൂറുൽ അമീൻ, ഷിഹാബ് കൊള്ളുന്നൂർ, എം.എം.അഷ്രഫ് തുടങ്ങി ജനപ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. കുമരനല്ലൂർ ജൽ ജീവൻ മിഷൻ രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ കപ്പൂർ, ആനക്കര, പട്ടിത്തറ പഞ്ചായത്തുകളിലെ ശുദ്ധജല ക്ഷാമത്തിന് പരിപൂർണ പരിഹാരമാകുമെന്ന് വി.ടി.ബൽറാം എം.എൽ.എ പറഞ്ഞു. നിലവിൽ ആഴ്ചയിൽ മൂന്ന് ദിവസമാണ് ജലവിതരണം. പദ്ധതി നടപ്പാക്കുന്നതോടെ എല്ലാദിവസവും ഗുണഭോക്താക്കൾക്ക് ജലം ലഭ്യമാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, JALJEEVAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL