.1.62 കോടി വെള്ളത്തിൽ
മുതലമട: മലയോര കർഷകരുടെ സംരക്ഷണത്തിന് 1.62 കോടി രൂപ ചെലവിൽ മുതലമടയിൽ സ്ഥാപിച്ച സോളാർ തൂക്കുവേലി കാട്ടാനക്കൂട്ടം തകർത്തു തരിപ്പണമാക്കി. 13 കിലോമീറ്റർ നീളമുള്ള വൈദ്യുത തൂക്കുവേലിയാണിത്. ചെമ്മണാംപതി പുളിയങ്കണ്ടി ഭാഗത്താണ് വേലി പൂർണമായും തകർന്നു കിടക്കുന്നത്. 2024 സെപ്തംബർ 28ന് നിർമ്മാണ ഉദ്ഘാടനം ചെയ്ത പദ്ധതി കഴിഞ്ഞ ജൂലായിലാണ് പൂർത്തീകരിച്ചത്. ചെമ്മണാംപതി മുതൽ ചപ്പക്കാട് വെള്ളാരംകടവ് വരെ നീളുന്ന വേലിയുടെ ഏറ്റവും നിർണായകമായ ഭാഗമാണ് പുളിയങ്കണ്ടിയിൽ ആനകൾ തകർത്തത്.
ആനയ്ക്ക് മുന്നിൽ വേലി പൊടി
രണ്ട് ദിവസം മുൻപ് രാത്രി എത്തിയ കാട്ടാനക്കൂട്ടം പോസ്റ്റുകൾ കുത്തിമറിച്ച്, കമ്പികൾ വലിച്ചു പൊട്ടിച്ച് വേലി തകർക്കുകയായിരുന്നു. ഇപ്പോൾ പുളിയങ്കണ്ടി ഭാഗത്ത് വേലിയുണ്ടായിരുന്നതിന്റെ ലക്ഷണം പോലുമില്ല. സോളാർ പാനൽ, ബാറ്ററി, കമ്പികൾ എല്ലാം ചിതറിക്കിടക്കുകയാണ്.
വേലി തകർന്നതോടെ ഈ മേഖലയിൽ വന്യമൃഗശല്യം രൂക്ഷമായി. തേക്കടി, പറമ്പിക്കുളം മേഖലയിൽ നിന്ന് എത്തുന്ന ആനകൾ നേരെ ജനവാസ മേഖലയിലേക്ക് ഇറങ്ങുകയാണ്.
ജില്ലാ പഞ്ചായത്ത് 90 ലക്ഷം, കൊല്ലങ്കോട് ബ്ലോക്ക് 30 ലക്ഷം, മുതലമട, കൊല്ലങ്കോട് പഞ്ചായത്തുകൾ ബാക്കി തുക എന്നിങ്ങനെ ജനങ്ങളുടെ നികുതിപ്പണമായ 1.62 കോടി രൂപ മുടക്കിയാണ് വേലി കെട്ടിയത്. എന്നാൽ പരിപാലനമില്ല, കറന്റില്ല, കാവലില്ല. വനംവകുപ്പ് ഉറക്കത്തിലാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വേലി പുനർനിർമ്മിക്കാൻ ഇനി 80 ലക്ഷത്തോളം രൂപ വേണ്ടിവരുമെന്ന് നാട്ടുകാർ പറയുന്നു. കോടികൾ പാഴായിട്ടും വനംവകുപ്പിന് കുലുക്കമില്ല.
പുളിയങ്കണ്ടിയിലെ വേലി തകർന്നിട്ട് ദിവസങ്ങളായി. വനംവകുപ്പിനെ അറിയിച്ചിട്ടും ആരും വന്നില്ല. ഇന്നലെ രാത്രിയും ആനകൾ കൃഷിയിടത്തിൽ ഇറങ്ങി. ഞങ്ങൾ എങ്ങനെ ജീവിക്കും?
-മണികണ്ഠദാസ്, കർഷകൻ, കുഞ്ചുവേലൻകാട്, ചെമ്മണാംപതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |