SignIn
Kerala Kaumudi Online
Monday, 26 October 2026 7.41 AM IST

മേൽപ്പാലം അടച്ചതോടെ വടക്കഞ്ചേരി കുരുക്കിൽ

nhai
വടക്കഞ്ചേരി മേൽപ്പാലത്തിനു സമീപം ദേശീയപാത ഒരുവരി പൂർണമായി അടച്ചതോടെ സർവീസ് റോഡിലെ വാഹനത്തിരക്ക്.

 ദുരിതയാത്രയ്ക്കിടയിലും ടോൾ പിരിവ്

വടക്കഞ്ചേരി: മേൽപ്പാലത്തിലെ തകരാറുകളെത്തുടർന്നുള്ള ഗതാഗത നിയന്ത്രണം വടക്കഞ്ചേരി നഗരത്തെയും സമീപ സർവീസ് റോഡുകളെയും ഗതാഗതക്കുരുക്കിലാക്കി. റോയൽ ജംഗ്ഷൻ മുതൽ തങ്കം ജംഗ്ഷൻ വരെയും വടക്കഞ്ചേരി ടൗൺ, ചെറുപുഷ്പം, മംഗലം പാലം ഭാഗങ്ങളിലുമാണ് വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുന്നത്. യാത്രാദുരിതം രൂക്ഷമായിട്ടും ദേശീയപാതയിലെ ടോൾ പിരിവ് തുടരുന്നതിനെതിരെ പ്രതിഷേധവും ശക്തമായി. പാലത്തിന്റെ ജോയിന്റുകളിലെ കോൺക്രീറ്റ് അടർന്നുവീഴുകയും വിള്ളലുകൾ രൂപപ്പെടുകയും ചെയ്തതിനെത്തുടർന്നാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.

 ഗതാഗതം ഒരു വരിയിലൂടെ മാത്രം

വടക്കഞ്ചേരി–മണ്ണുത്തി ആറുവരിപ്പാതയിൽ വടക്കഞ്ചേരി മേൽപ്പാലത്തിന്റെ തൃശ്ശൂർ ദിശയിലേക്കുള്ള പാത പൂർണമായി അടച്ചതോടെയാണ് ഗതാഗതപ്രതിസന്ധി രൂക്ഷമായത്. പാലക്കാട് ദിശയിലേക്കുള്ള പാലത്തിലൂടെ മാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. തൃശ്ശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ പാലത്തിനടിയിലെ സർവീസ് റോഡിനെ ആശ്രയിക്കേണ്ടിവരുന്നു. തൃശ്ശൂർ, പാലക്കാട് ഭാഗങ്ങളിൽനിന്നുള്ള ബസുകൾ നഗരത്തിലെ വൺവേ ക്രമീകരണങ്ങൾക്കനുസരിച്ച് സർവീസ് നടത്തുന്നതോടെ തങ്കം ജംഗ്ഷനിലും ടൗണിലും തിരക്ക് വർധിക്കുകയാണ്. റോയൽ ജംഗ്ഷനിൽ നിന്ന് കണ്ണമ്പ്ര റോഡിലേക്ക് ചെറിയ വാഹനങ്ങൾക്ക് പ്രവേശിക്കാനുണ്ടായിരുന്ന മിനി അടിപ്പാത അടച്ചതും പ്രശ്നം സങ്കീർണമാക്കി. ഈ വഴി അടച്ചതോടെ ചെറിയ വാഹനങ്ങൾക്കും ബസുകൾ സഞ്ചരിക്കുന്ന പ്രധാന പാതയെ ആശ്രയിക്കേണ്ടിവരുന്നു.

 ടോൾ പിരിവ് തകൃതി

യാത്രാദുരിതത്തിനിടയിലും ടോൾ പിരിവ് തുടരുന്നത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്. കോടികൾ ചെലവഴിച്ച ദേശീയപാതയിൽ സുരക്ഷിതവും തടസരഹിതവുമായ യാത്ര ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ടോൾ ഈടാക്കുന്നതിനെതിരെ വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളും പ്രതിഷേധത്തിനൊരുങ്ങുകയാണ്. മേൽപ്പാലത്തിലെ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊപ്പം നഗരത്തിലെ ഗതാഗതം സുഗമമാക്കാനും ദേശീയപാത അതോറിറ്റി അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, NHAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL