
പത്തനംതിട്ട : ഗവ.കരാറുകാരുടെ നിസഹകരണം കാരണം പഞ്ചായത്തുകളിലെ റോഡ് പണികൾ മുടങ്ങി. ചെയ്തു തീർത്ത പണികളുടെ ബിൽ തുക ലഭിക്കാത്തതും ടാറിംഗിന് നിർമ്മാണസാമഗ്രികൾ മിക്സ് ചെയ്യുന്നതിന് ചെലവേറിയ പഗ്മിൽ പ്ളാന്റ് വേണമെന്ന നിബന്ധനയുമാണ് കരാറുകാരെ പിന്തിരിപ്പിക്കുന്നത്.
ഒാണം അടുത്തതോടെ തൊഴിലാളികൾക്ക് കൂലിയും ഉത്സവബത്തയും നൽകേണ്ടതുണ്ട്. സർക്കാരിൽ നിന്ന് പണം ലഭിക്കുമെന്ന പ്രതീക്ഷയിൽ പലിശക്കാരിൽ നിന്നും ബാങ്കുകളിൽ നിന്നും വായ്പയെടുത്താണ് പണികൾ മുന്നോട്ടു കൊണ്ടുപോകുന്നത്. സർക്കാരിൽ നിന്ന് തുക ലഭിക്കാൻ കാലതാമസം വരുന്നത് പണികളെ ബാധിക്കുമെന്ന് കരാറുകാർ പറയുന്നു.
തദ്ദേശ സ്ഥാപനങ്ങളുടെ റോഡ് പണികളാണ് വലിയ തോതിൽ നടന്നുവന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന് മുൻപായി വേഗത്തിൽ പണികൾ നടത്താൻ ഭരണസമിതികൾ ടെൻഡർ വിളിച്ചെങ്കിലും കൂടുതൽ കരാറുകാരും ഏറ്റെടുക്കാൻ തയ്യാറായിട്ടില്ല.
വില ഉയർന്നതും തിരിച്ചടി
നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം റോഡു പണികളുടെ ചെലവ് വർദ്ധിപ്പിച്ചു. സാധനങ്ങൾക്ക് 2018ലെ നിരക്കനുസരിച്ചാണ് ഇപ്പോഴും സർക്കാർ കരാർ നൽകുന്നത്. ആറ് വർഷത്തിനിടെ സിമന്റ്, ടാർ, മെറ്റൽ വില കുതിച്ചുയർന്നു. ഇതിന് ആനുപാതികമായ കരാർ തുക പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യം സർക്കാർ പരിഗണിച്ചിട്ടില്ല.
കരാറുകാർ ഫീൽഡ് വിടുന്നു
നിർമ്മാണ ചെലവ് അനുസരിച്ച് നിരക്ക് വർദ്ധന നടപ്പാക്കാത്തതിനാൽ നഷ്ടം സഹിച്ച് നിൽക്കാനാവില്ലെന്ന് കരാറുകാർ പറയുന്നു. ജില്ലയിൽ ആയിരത്തിലേറെ ഗവ.കരാറുകാർ ഉണ്ടായിരുന്നു. ഇപ്പോൾ നൂറിൽ താഴെയെന്ന് ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. വലിയ പദ്ധതികൾ ഉൗരാളുങ്കൽ പോലുള്ള ഏജൻസികൾക്കാണ് ലഭിക്കുന്നത്. ചെറുകിട കരാറുകാരെ വലിയ ഏജൻസികൾ വിഴുങ്ങുകയാണെന്ന് അസോസിയേഷൻ പരാതിപ്പെടുന്നു.
ജില്ലയിൽ നിറുത്തിവച്ച പദ്ധതികൾ : 4000
പുതിയ കരാർ എടുക്കുന്നില്ല,
നിർമ്മാണ സാമഗ്രികൾക്ക് സർക്കാർ നൽകുന്നത് 2018ലെ നിരക്ക്
ടാർ ഒരു ബാരലിന് : 10000 രൂപ,
സർക്കാർ നിരക്ക് : 7000
ചെറുകിട കരാറുകാർക്ക് പിടിച്ചുനിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്. ബിൽ തുക വൈകുന്നതും വില വർദ്ധനവും പ്രതിസന്ധിയുണ്ടാക്കുന്നു.
തോമസ് കുട്ടി തേവരുമുറിയിൽ,
കെ.ജി.സി.എ സംസ്ഥാന സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |