
കോഴഞ്ചേരി : സി.പി.എം അംഗം കാലുമാറിയതോടെ കോയിപ്രം ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമായി. പ്രസിഡന്റ് കെ.കെ.വത്സലയ്ക്കും വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരിക്കുമെതിരെ യു.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസം പാസായപ്പോൾ വലതുചേരിക്ക് അത് മധുര പ്രതികാരവുമായി. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ ജെസി സൂസൻ ജോസ് ആണ് യു.ഡി.എഫിനെ അനുകൂലിച്ചത്.
2020 ലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് - 7 എൽ.ഡി.എഫ് - 6 എന്നതായിരുന്നു കക്ഷി നില. വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതിനെ തുടർന്ന് പ്രസിഡന്റ് സ്ഥാനം വനിതാസംവരണമായ ബ്ലോക്കിൽ ജിജി മാത്യു പ്രസിഡന്റായും ലാലു തോമസ് വൈസ് പ്രസിഡന്റായും ചുമതലയേറ്റു. ഒന്നര വർഷം പിന്നിട്ടപ്പോൾ വൈസ് പ്രസിഡന്റ് സ്ഥാനത്തിന് പ്ലാങ്കമൺ ഡിവിഷൻ പ്രതിനിധി ഉണ്ണി പ്ലാച്ചേരി അവകാശവാദം ഉന്നയിച്ചു. ആവശ്യം നിഷേധിച്ചതിനെ തുടർന്ന് ഇദ്ദേഹം ഇടതുപക്ഷത്തേക്ക് ചേക്കേറി. തുടർന്ന് അവിശ്വാസത്തിലൂടെ യു.ഡി.എഫിനെ പുറന്തള്ളി എൽ.ഡി.എഫിലെ ശോശാമ്മ ജോസഫ് പ്രസിഡന്റായും ഉണ്ണി പ്ലാച്ചേരി വൈസ് പ്രസിഡന്റായും ഭരണസമിതി നിലവിൽ വന്നു. ഒന്നേകാൽ വർഷത്തിന് ശേഷം സി.പി.എമ്മിലെ ധാരണ പ്രകാരം ശോശാമ്മ ജോസഫ് മാറി കെ.കെ.വത്സല പ്രസിഡന്റായി. തുടർന്ന് 2025 ഫെബ്രുവരിയിൽ പ്രസിഡന്റ് സ്ഥാനം ജെസി സൂസൻ ജോസിന് കൈമാറണം എന്നതായിരുന്നു ധാരണ. എന്നാൽ വത്സല സാങ്കേതിക കാരണങ്ങൾ പറഞ്ഞ് സ്ഥാനമൊഴിഞ്ഞില്ല. തുടർന്ന് എൽ.ഡി.എഫിലെ അസ്വാരസ്യം മുതലെടുക്കാൻ യു.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നു. അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുമ്പോൾ വിട്ടു നില്കണമെന്ന് സി.പി.എം അംഗങ്ങൾക്ക് നല്കിയ വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ ജെസി സൂസൻ ജോസ് പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്യുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയത്തിലും ജെസി ഇതേ നിലപാട് തുടർന്നു.
വത്സലയെ രാജിവയ്പ്പിക്കാതെ ദീർഘകാല അവധി എടുപ്പിച്ച് ഉണ്ണി പ്ളാച്ചേരിക്ക് ചുമതല നല്കാനുള്ള എൽ.ഡി.എഫ് നീക്കത്തോടുള്ള പ്രതിഷേധമാണ് അവിശ്വാസപ്രമേയത്തിനെ അനുകൂലിക്കാൻ കാരണം.
ജെസി സൂസൻ ജോസ്
സമീപ പഞ്ചായത്തായ തോട്ടപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ് ബിനോയിക്കെതിരെ യു.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസത്തിനനുകൂലമായി നാല് സി.പി.എം അംഗങ്ങൾ വോട്ടു ചെയ്തതും പാർട്ടിക്കുള്ളിൽ ഏറെ വിവാദമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |