
വള്ളിക്കോട് : പ്രതികൂല കാലാവസ്ഥകൾ സൃഷ്ടിച്ച പ്രതിസന്ധികളെ അതിജീവിച്ച് വിത്തെറിഞ്ഞ വള്ളിക്കോട്ടെ പാടശേഖരങ്ങിൽ ഇനി കൊയ്ത്തുത്സവകാലം. കർഷകർ വിതച്ചതൊക്കെ നൂറുമേനിയിൽ കൊയ്തെടുക്കാൻ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ്. കാലാവസ്ഥ പ്രതിസന്ധിയെ തുടർന്ന് മകരത്തിൽ നടക്കാറുള്ള വിളവെടുപ്പ് ഇത്തവണ കുംഭത്തിലേക്ക് നീണ്ടു. യഥാസമയം വിത്തെറിഞ്ഞിരുന്നെങ്കിലും കനത്ത മഴയും പിന്നീട് വെള്ളം ലഭിക്കാതെ വന്നതും തിരിച്ചടിയാകുകയായിരുന്നു. അത്യുൽപാദന ശേഷിയുള്ള ഉമ വിത്താണ് വിതച്ചത്. അപ്പർകുട്ടനാട് കഴിഞ്ഞാൽ ജില്ലയിൽ കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന പാടശേഖരമാണ് വള്ളിക്കോട്ടേത്. 15 വാർഡുകളുള്ള ഗ്രാമപഞ്ചായത്തിൽ അഞ്ഞൂറ് ഹെക്ടറോളം വരുന്ന 9 വലിയ പാടശേഖരങ്ങളുണ്ട്. സപ്‌ളൈകോയുടെ പ്രധാന നെല്ല് സംഭരണ കേന്ദ്രം കൂടിയാണിവിടം.
കാലാവസ്ഥയും കാട്ടുപന്നിയും
യഥാസമയം വിത്തെറിഞ്ഞെങ്കിലും കാലംതെറ്റിയെത്തിയ മഴയും വെയിലും ആദ്യ കടമ്പയായി. വെള്ളക്കെട്ടിനെ ഒഴിവാക്കാൻ ചാലുകൾ കീറിയും വേനലിനെ അതിജീവിക്കാൻ വെള്ളം എത്തിച്ചും കർഷകർ രാപ്പകൽ അദ്ധ്വാനിച്ചു. ഇതിനിടെ കാട്ടുപന്നികൾ പലതവണ കൃഷിക്ക് നാശംവരുത്തി. നെൽച്ചെടികളിൽ കതിർ നിരന്നതോടെ തത്തകളും മറ്റ് പക്ഷികളും ശല്യമായി. രാപകൽ കർഷകർ കാവൽ ഇരുന്നാണ് പന്നികളെയും പക്ഷികളെയും തുരത്തി കൃഷി സംരക്ഷിച്ചത്.
കൈത്താങ്ങായി സപ്ളൈക്കോയും
വള്ളിക്കോട്ടെ കർഷകരുടെ അദ്ധ്വാനത്തിന് കൈത്താങ്ങായി കഴിഞ്ഞ രണ്ടുവർഷമായി സപ്ളൈക്കോയും ഒപ്പമുണ്ട്. ഇടനിലക്കാർ ഇല്ലാതെ നേരിട്ടാണ് സപ്ളൈക്കോ പാടശേഖര സമിതികൾ മുഖേന കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുന്നത്. ന്യായവില ലഭിക്കുന്നതിനാൽ കർഷകരും ഹാപ്പിയാണ്. സംഭരണകേന്ദ്രങ്ങളും ന്യായവിലയും ഇല്ലാതിരുന്നതിനെ തുടർന്ന് നെൽകൃഷി അന്യംനിന്നുപോകുന്ന അവസ്ഥയിലായിരുന്നു. പഞ്ചായത്തും കൃഷി വകുപ്പും കർഷകർക്ക് സഹായങ്ങളുമായി ഒപ്പമുണ്ട്.
പ്രധാന പാടശേഖരങ്ങൾ
വേട്ടക്കുളം, കാരുവേലിൽ, നടുവത്തോടി, നരിക്കുഴി, തലച്ചേമ്പ്, കൊല്ലാ , അട്ടത്തോടെ, തട്ട
ഇത്തവണ കൃഷി ഇറക്കിയത് : 130 ഹെക്ടറിൽ
കർഷകരുടെ എണ്ണം : 210,
കഴിഞ്ഞ മകര കൃഷിക്ക് ലഭിച്ച വിളവ് : 420 ടൺ നെല്ല്.
കഴിഞ്ഞ തവണ സപ്‌ളൈക്കോ സംഭരിച്ചത് : 400 ടൺ നെല്ല്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |