
പത്തനംതിട്ട : ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ നടക്കും. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ 25ന് രാവിലെ 10 മുതൽ. തിരഞ്ഞെടുപ്പ് ഫലം https://www.sec.kerala.gov.in/public/te/ ലിങ്കിൽ ലഭിക്കും. പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോർത്ത് വാർഡ്, അയിരൂർ ഗ്രാമപഞ്ചായത്തിലെ തടിയൂർ, പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഗ്യാലക്സി നഗർ വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്. മൂന്നും സ്ത്രീ സംവരണ വാർഡുകളാണ്.
തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡിനു പുറമേ പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള എസ് എസ് എൽ സി ബുക്ക്, തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസം മുമ്പ് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക് എന്നീ രേഖകളിൽ ഏതെങ്കിലും ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം.
പ്രാദേശിക അവധി
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോർത്ത് വാർഡിലെ പോളിംഗ് സ്റ്റേഷനായ കുമ്പഴ എം.ഡി.എൽ.പി.എസ് , അയിരൂർ ഗ്രാമപഞ്ചായത്തിലെ തടിയൂർ വാർഡിലെ പോളിംഗ് സ്റ്റേഷനായ തടിയൂർ എൻ.എസ്.എസ്.എച്ച്.എസ് , പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഗ്യാലക്സി നഗർ വാർഡിലെ പോളിംഗ് സ്റ്റേഷനായ സർക്കാർ പുറമറ്റം എൽ.പി.എസ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചായത്ത്, മുനിസിപ്പാലിറ്റി വാർഡുകളുടെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് ദിവസമായ നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ദിവസമായ 24ന് വാർഷിക പരീക്ഷ നടക്കുന്ന ക്ലാസുകൾക്ക് അവധി ബാധകമല്ല. പോളിംഗ് സ്‌റ്റേഷനായി പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ വോട്ടെടുപ്പ് നടപടികൾക്ക് തടസം വരാത്ത വിധത്തിൽ പരീക്ഷ ഹാളുകൾ ബന്ധപ്പെട്ട സ്‌കൂൾ അധികൃതർ ക്രമീകരിക്കണമെന്നും കളക്ടർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |