SignIn
Kerala Kaumudi Online
Sunday, 25 October 2026 2.27 AM IST

കുംഭമേളയിൽ പങ്കെടുത്ത മലയാളിയെ കാണാതായി ; ബന്ധുക്കൾ പൊലീസിൽ  പരാതി നൽകി

joju

ചെങ്ങന്നൂർ : ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടന്ന കുംഭമേളയിൽ പങ്കെടുത്ത
ചെങ്ങന്നൂർ കൊഴുവല്ലൂർ മേലേതിൽ ജോജു ജോർജി (42) നെ കാണാതായതായി ബന്ധുക്കൾ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി. അയൽക്കാരനായ കുടുംബസുഹൃത്തിനൊപ്പം കഴിഞ്ഞ ഒൻപതിനാണ് ചെങ്ങന്നൂരിൽ നിന്ന് ട്രെയിൻ മാർഗം ജോജു പ്രയാഗിലേക്ക് പോയത്. അന്നേദിവസംരാത്രി 10.30 നും പിറ്റേന്നും ജോജുവിന്റെ മക്കളും സഹോദരിയും പല തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
എന്നാൽ 12ന് ജോജു മറ്റൊരു ഫോണിൽ നിന്ന് വീട്ടിലേക്ക് വിളിച്ചു. തന്റെ ഫോൺ തറയിൽ വീണ് പൊട്ടിയെന്നും ഒപ്പമുള്ള നാട്ടുകാരനായ സുഹൃത്തിന്റെ ഫോണിൽ നിന്നാണ് വിളിക്കുന്നതെന്നും നദിയിൽ സ്നാനം ചെയ്ത് ചടങ്ങുകൾ നിർവഹിച്ചതായും 14ന് നാട്ടിൽ മടങ്ങിയെത്തുമെന്നും അറിയിച്ചു. ഈ ഫോൺ സന്ദേശത്തിന് ശേഷം ജോജു ജോർജിനെക്കുറിച്ച് യാതൊരു വിവരവും വീട്ടുകാർക്കില്ല. അതേസമയം ജോജുവിനെ കൂട്ടിക്കൊണ്ടുപോയ അയൽവാസി 14ന് നാട്ടിൽ തിരിച്ചെത്തി. ജോജുവിന്റെ കുടുംബം അയൽവാസിയെ സമീപിച്ച് വിവരങ്ങൾ അന്വേഷിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല.
ജോജുവും താനും ഒരുമിച്ച് കുംഭമേളയിൽ പങ്കെടുത്ത ശേഷം അവിടുന്ന് കുറച്ചകലെയുള്ള 'ഇറ്റാർസി 'യിലെ താമസസ്ഥലത്തേക്ക് പോയേന്നും, അതിനിടെ ചില ബന്ധുക്കൾ നാട്ടിൽ നിന്ന് കുംഭമേളയ്ക്ക് എത്തിയിരുന്നതായും അവരെ കൂട്ടി താൻ പ്രയാഗിൽ പോയി തിരിച്ചുവരുമ്പോൾ ജോജുവിനെ താമസസ്ഥലത്ത് കണ്ടില്ലെന്നുമുള്ള വിവരമാണ് ബന്ധുക്കൾക്ക് ലഭിച്ചത്. കുംഭമേളയുടെ ഭാഗമായി നദിയിൽ ഇരുവരും മുങ്ങിക്കുളിക്കുന്ന ചിത്രങ്ങളും സമൂഹമാദ്ധ്യമത്തിൽ ഇയാൾ പങ്കുവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കുംഭമേളയിൽ പങ്കെടുത്ത ശേഷം ജോജുവിനെ കാൺമാനില്ലെന്ന് കാട്ടി ബന്ധുക്കൾ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയത്.

അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് കുടുംബം

പ്രയാഗ് സന്ദർശനത്തിനിടെ ദുരൂഹസാഹചര്യത്തിൽ ജോജുവിനെ കാണാതായത് സംബന്ധിച്ച് ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി ഏഴുദിവസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഇല്ലാത്തതിനാൽ കേന്ദ്ര ,സംസ്ഥാന ആഭ്യന്തര മന്ത്രാലയങ്ങൾക്കും ഉന്നത പൊലിസ് ഉദ്യോഗസ്ഥർക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL