
പത്തനംതിട്ട : കൃത്യം നാലുമണി, ജില്ലാ ആസ്ഥാനത്തും ഒപ്പം തിരുവല്ല റവന്യു ടവർ, കെ.എസ്.ജി എച്ച്.എസ്.എസ് കടപ്ര, ഗവൺമെന്റ് എച്ച്.എസ് മേലുകര കീക്കൊഴൂർ റാന്നി, ഗവൺമെന്റ് ഹൈസ്‌കൂൾ കോഴഞ്ചേരി, കമ്മ്യൂണിറ്റി സ്റ്റഡി സെന്റർ കൊടുമുടി, പ്രീ മെട്രിക് ഹോസ്റ്റൽ അച്ചൻകോവിൽ എന്നിവിടങ്ങളിലും സൈറൺ മുഴങ്ങി. ഇതോടെ കളക്ടറേറ്റിലുൾപ്പടെ ഓഫീസുകളിൽ മുറികൾക്ക് പുറത്തുനിന്നവർ അതാത് ഓഫീസുകളിലേക്ക് കയറി മുറിയടച്ചു. നഗരത്തിൽ നിന്നവർ സമീപത്തെ കടകളിലേക്ക് കയറി നിന്നു. വൈദ്യുതി വിളക്കുകൾ അണച്ചു. പെട്രോൾ പമ്പുകളും താത്കാലികമായി അടിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടന്ന സിവിൽ ഡിഫൻസ് തയാറെടുപ്പിന്റെ മൂന്ന് ഭാഗങ്ങളായി ക്രമീകരിച്ച മോക് ഡ്രില്ലിന്റെ ആരംഭമായിരുന്നു ഇത്.
വ്യോമാക്രമണം ഉണ്ടാകുമ്പോൾ ശത്രുവിനെ വഴിതെറ്റിക്കാനായി കെട്ടിടങ്ങൾ പൂർണമായി മറച്ച് സംരക്ഷിക്കുന്ന 'കാമൊഫ്‌ളോജും' അവതരിപ്പിച്ചു. അരമണിക്കൂറിന് ശേഷം വീണ്ടും സൈറൻ മുഴങ്ങിയതോടെ ഓഫീസിലും ബഹുനില മന്ദിരങ്ങളിലും ഉള്ളവരെ പൊലീസും, എൻ.സി.സി കേഡറ്റുകളും സിവിൽ വോളന്റിയർമാരും റവന്യു ഉദ്യോഗസ്ഥരു ചേർന്ന് തിക്കും തിരക്കും കൂട്ടാതെ വളരെവേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറി. തുടർന്ന് യുദ്ധസമാനമായ സാഹചര്യത്തിൽ കെട്ടിടങ്ങൾക്ക് തീപിടിക്കുന്നതും തകരുന്നതും ഭാവനയിൽ സൃഷ്ടിക്കുകയും അപകടത്തിൽപെട്ടവരെ താൽക്കാലികമായി സ്ഥാപിച്ച ആശുപത്രികളിലേക്ക് വളരെവേഗം മാറ്റുന്ന നടപടികൾ ആരംഭിച്ചു. ഇതോടൊപ്പം തന്നെ ഫയർഫോഴ്സ് പാഞ്ഞെത്തി തീയണയ്ക്കുന്നതും പരിക്കേറ്റവരെ സ്‌ട്രെച്ചറിലും തോളിലെടുത്തും പടിക്കെട്ടുകളിലൂടെയും ഗോവേണിയൂടെയും രക്ഷിച്ച് പുറത്തെത്തിക്കുന്നതും പുനഃസൃഷ്ടിച്ചു. ഗുരുതരാവസ്ഥയിലുള്ളവരെ താൽക്കാലികമായി ഏർപ്പെടുത്തിയ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം ആംബുലൻസിൽ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. വീണ്ടും സേനാവിഭാഗവും സിവിൽ വോളന്റിയേഴ്സും ചേർന്ന് മുറികളിൽ ആരെങ്കിലും കുടുങ്ങികിടക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ആരുമില്ലെന്ന് ഉറപ്പാക്കിയതോടെ രക്ഷാപ്രവർത്തനം നിറുത്തി. ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണം, വൈദ്യുതി, ഭക്ഷ്യസുരക്ഷാ വകുപ്പുകളും മോക്ഡ്രില്ലുമായി സഹകരിച്ചു. ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ, എ.ഡി.എം ബി.ജ്യോതി, ഡെപ്യൂട്ടി കളക്ടർമാരായ ആർ.രാജലക്ഷ്മി, ബീനാ എസ്.ഹനീഫ്, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ആക്രമണ സമയത്ത് സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും ബോധവത്കരിക്കുക, പരിശീലനവും സംരക്ഷണവും നൽകുക, നാശനഷ്ടം പരമാവധി കുറയ്ക്കുക, സായുധ സേനകളുടെ പ്രവർത്തനത്തെ സഹായിക്കുക എന്നിവയാണ് സിവിൽ ഡിഫൻസിലൂടെ ലക്ഷ്യമിട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |