SignIn
Kerala Kaumudi Online
Saturday, 11 July 2026 2.02 AM IST

കൗതുകം ഒളിപ്പിച്ച സ്ഥലനാമങ്ങളായി, വി.കെ.പാറയും കെ.കെ.പാറയും

thannithod-

കോന്നി : പേരിനൊപ്പം ഇൻഷ്യലുമായി തണ്ണിത്തോട് പഞ്ചായത്തിലെ വി.കെ.പാറയും കെ.കെ.പാറയും കൗതുകമാകുകയാണ്. വനമേഖലയായ തണ്ണിത്തോട്ടിൽ കുടിയേറ്റ കാലത്ത് വലിയ കുറവൻ പാറ, കൊച്ചുകുറവൻ പാറ എന്നീങ്ങനെ രണ്ടുസ്ഥലങ്ങൾ ഉണ്ടായിരുന്നു. 1988 - 89 കാലയളവിൽ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന എൻ.ലാലാജി സ്ഥലനാമങ്ങളിലെ ജാതീയമായ പരാമർശം ആധുനിക സമൂഹത്തിന് യോജിച്ചതല്ല എന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് ഈ സ്ഥലങ്ങൾക്ക് വികെ പറയെന്നും (വലിയ കുറവൻപാറ) കെ.കെ.പാറയെന്നും (കൊച്ചു കുറവൻപാറ) പഞ്ചായത്തിന്റെ ഔദ്യോഗിക രേഖകളിൽ മാറ്റംവരുത്തി. തുടർന്നാണ് ഇനീഷ്യൽ ഓടുകൂടിയ ഈ സ്ഥലനാമങ്ങൾ നിലവിൽ വന്നത്.

തണ്ണിത്തോട്ടിൽ എത്തുന്നവർക്ക് ഇന്നും കൗതുകമാണ് ഈ സ്ഥലങ്ങൾ. കൂടാതെ തണ്ണിത്തോട് ജംഗ്ഷനിലെ സ്ഥലത്തിന് കാവ് ജംഗ്ഷൻ എന്നായിരുന്നു പേര്. അവിടെയുണ്ടായിരുന്ന ഒരു കുടുംബത്തിന്റെ വീട്ടുപേരായിരുന്നു കാവിൽ. 1988 - 89 കാലഘട്ടത്തിൽ ലാലാജി ഈ സ്ഥലം തണ്ണിത്തോട് സെൻട്രൽ ജംഗ്ഷൻ എന്നാക്കണമെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ ആവശ്യപ്പെട്ടു. അങ്ങനെ പഞ്ചായത്തിന്റെ ഔദ്യോഗിക രേഖയിൽ കാവിൽ ജംഗ്ഷൻ സെൻട്രൽ ജംഗ്ഷനായി മാറി. എങ്കിലും ഇന്നും നാട്ടുകാർ ഈ ജംഗ്ഷനെ കാവിൽ ജംഗ്ഷൻ എന്ന് വിളിക്കുന്നുണ്ട്. ഈ ജംഗ്ഷന് സമീപമുള്ള പാറയ്ക്ക് കാവിൽ പാറ എന്നാണ് പേര്. പാറ സ്ഥിതി ചെയ്യുന്ന രണ്ട് ഏക്കർ സ്ഥലം പഞ്ചായത്തിലെ ഏക റവന്യൂ ഭൂമിയാണ്.

കുടിയേറ്റ ഭൂമി

മധ്യതിരുവിതാംകൂറിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും ഉപജീവനവും കൃഷിയും തേടി എത്തിയ കർഷകരാണ് ഈ പ്രദേശത്തിന്റെ വികസനത്തിന് അടിത്തറയിട്ടത്. വനത്തോടും വന്യമൃഗങ്ങളോടും മല്ലടിച്ച ചരിത്രമാണ് തണ്ണിത്തോട് പഞ്ചായത്തിലെ കുടിയേറ്റ കർഷകരുടെ ജീവിതം. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെയാണ് തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ വനമേഖലയായിരുന്ന തണ്ണിത്തോട്ടിലേക്ക് കുടിയേറാൻ തുടങ്ങി. കുടിയേറ്റ കർഷകരുടെ കഠിനദ്ധ്വാനമാണ് ഈ മേഖലയെ കാർഷികമായി മുന്നിലെത്തിച്ചത്.

എന്റെ ആവശ്യപ്രകാരം 1988 - 89 കാലത്ത് അന്നത്തെ ഗ്രാമപഞ്ചായത്ത് ഭരണസമിതി സ്ഥലനാമങ്ങൾ പഞ്ചായത്തിന്റെ ഔദ്യോഗിക രേഖകളിൽ വി.കെ പാറയും

കെ.കെ പാറയുമാക്കി മാറ്റുകയായിരുന്നു.

(എൻ.ലാലാജി തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് അംഗം)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL