
കൂടൽ: ഗൃഹനാഥനെ സംഘം ചേർന്ന് ആക്രമിച്ച് മൂക്കിടിച്ചു തകർത്ത കേസിൽ മൂന്നുപേരെ കൂടൽ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം മാങ്കോട് മുള്ളൂർനിരപ്പ് സുജിത്ത് ഭവനത്തിൽ അജിത്ത് (സാമ്പൻ - 27), മാങ്കോട് വാഴപ്പാറ ബിനോയ് വിലാസത്തിൽ നിന്ന് മാങ്കോട് വാഴത്തോട്ടം ബാബുവിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സുധീഷ് (കിണ്ടി - 20), വാഴപ്പാറ രത്നഗിരി പുത്തൻവീട്ടിൽ ആഷിക് (18) എന്നിവരാണ് പിടിയിലായത്. മുള്ളൂർനിരപ്പ് താഴെ വാഴത്തോട്ടം ലക്ഷ്മി സദനത്തിൽ സജികുമാറിനാണ് മർദ്ദനമേറ്റത്. അജിത്ത് ഒന്നാം പ്രതിയും സുധീഷ് രണ്ടാം പ്രതിയും ആഷിക് നാലാം പ്രതിയുമാണ്. കേസിൽ ആകെ 5 പ്രതികളാണ് ഉള്ളത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി.
മദ്യപിച്ചെത്തിയ അജിത്ത് സജികുമാറിന്റെ മകളെ വീടിനുമുന്നിൽ വച്ച് അസഭ്യം വിളിച്ചു. സജികുമാർ ഇത് ചോദ്യംചെയ്തു. ഇതിന്റെ വിരോധത്തിൽ 19ന് പുലർച്ചെ സ്വകാര്യ വ്യക്തിയുടെ റബർത്തോട്ടത്തിൽ ടാപ്പിംഗിനെത്തിയ സജികുമാറിനെ പ്രതികൾ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ സജിയുടെ മൂക്കിന്റെ അസ്ഥിക്ക് പൊട്ടൽ സംഭവിക്കുകയും ശരീരം മുഴുവൻ മർദ്ദനം ഏൽക്കുകയും ചെയ്തു. പത്തനാപുരം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സജിയെ പരിക്ക് ഗുരുതരമായതിനാൽ പുനലൂർ താലൂക്ക് ആശുപത്രിയിലേക്കും ഇവിടെനിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
എസ്.എച്ച്.ഒ ആർ.രാജിവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പത്തനാപുരം പൊലീസ് സ്റ്റേഷനിലെ മൂന്നു കേസുകളിൽ പ്രതിയാണ് അജിത്ത്. ആക്രമിച്ച് പരിക്കേൽപ്പിക്കൽ, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, പോക്‌സോ എന്നീ വകുപ്പുകൾ പ്രകാരമെടുത്ത കേസുകളാണിവ. ഗുണ്ടാ നിയമപ്രകാരമുള്ള മുൻകരുതൽ നടപടികളും ഇയാൾക്കെതിരെ പത്തനാപുരം പൊലീസ് സ്വീകരിച്ചിരുന്നു. പൊലീസ് അന്വേഷിച്ച് എത്തിയ സമയം വീടിന് സമീപം പ്രശ്നമുണ്ടാക്കി കൊണ്ടിരുന്ന അജിത്തിനെ ബലപ്രയോഗത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. ഇയാളിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റുരണ്ട് പ്രതികളെ പിടികൂടി. പ്രതികളെ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |