തിരുവല്ല : മഴ കുറഞ്ഞത് ആശ്വാസമായെങ്കിലും പൊങ്ങിയ വെള്ളം ഇറങ്ങിപ്പോകാത്തതിനാൽ അപ്പർകുട്ടനാട്ടിൽ ജനങ്ങളുടെ ദുരിതം വിട്ടൊഴിയുന്നില്ല. ഏഴ് ദിവസങ്ങളായി ദുരിതാശ്വാസ ക്യാമ്പുകളിൽ തുടരുന്ന മിക്ക കുടുംബങ്ങളും എന്ത് ചെയ്യണമെന്ന് അറിയാതെ കുഴയുകയാണ്. വെള്ളപ്പൊക്കത്തെ തുടർന്ന് ബന്ധുവീടുകളിലും വാടക വീടുകളിലും അഭയം തേടിയവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. കിഴക്കൻ മേഖലകളിൽ നിന്നിറങ്ങിയ വെള്ളം താലൂക്കിന്റെ താഴ്ന്ന ഭാഗങ്ങളിലെല്ലാം കെട്ടിക്കിടക്കുന്നതിനാൽ ജനജീവിതം സാധാരണ നിലയിലാകാൻ ഇനിയും ദിവസങ്ങളെടുക്കും. ക്യാമ്പുകളിൽ താമസിക്കുന്നവർക്ക് വീടുകളിലേക്ക് മടങ്ങാനും ദിവസങ്ങൾ വേണ്ടിവരും. ഇരവിപേരൂരിൽ 11 ഉം, തിരുവല്ല നഗരസഭയിലെ തിരുവല്ല, കുറ്റപ്പുഴ, കാവുംഭാഗം എന്നീ വില്ലേജുകളിൽ 10 വീതവും ദുരിതാശ്വാസ ക്യാമ്പുകൾ ഇപ്പോഴും തുടരുന്നു. പെരിങ്ങരയിലും നിരണത്തും കടപ്രയിലും ആറ് വീതം ക്യാമ്പുകളുമുണ്ട്. വെള്ളപ്പൊക്കം തുടങ്ങി ഒരാഴ്ചയാകുമ്പോഴും പലകുടുംബങ്ങളിലും ദുരിതജീവിതം തുടരുന്ന കാഴ്ചയാണ്. ഇടവിട്ട് പെയ്യുന്ന ശക്തമായ മഴയിൽ പമ്പ, മണിമല നദികൾ നിറഞ്ഞൊഴുകുന്നതിനാൽ വെള്ളം ഇറങ്ങാൻ വൈകുന്നു. കൃഷിയിടങ്ങളെല്ലാം വെള്ളത്തിനടിയിൽ ആയതിനാൽ വലിയ നഷ്ടമാണ് കർഷകർക്കും ഉണ്ടായിട്ടുള്ളത്. ദിവസങ്ങളോളം വെള്ളം കെട്ടിനിൽക്കുന്നത് വീടുകളുടെയും മറ്റു കെട്ടിടങ്ങളുടെയും ബലക്ഷയത്തിനും കേടുപാടുകൾക്കും കാരണമാകുമെന്ന ആശങ്കയും ശക്തമാണ്. അപ്പർകുട്ടനാട്ടിലെ ഗ്രാമീണ മേഖലകളിലെ മിക്ക റോഡുകളിലും വെള്ളക്കെട്ട് തുടരുന്നതിനാൽ യാത്രാക്ലേശവും അതിരൂക്ഷമാണ്.
ക്യാമ്പുകൾ
ആകെ : 75
കുടുംബങ്ങൾ : 2067
അംഗങ്ങൾ : 6218
പുരുഷന്മാർ : 2676
സ്ത്രീകൾ : 2708
കുട്ടികൾ : 834
---
അടച്ച ക്യാമ്പുകൾ : 29
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |