
പത്തനംതിട്ട : മിന്നൽ പ്രളയത്തിൽ ജില്ലയിൽ കെ.എസ്.ഇ.ബിക്ക് നഷ്ടം 65 ലക്ഷം രൂപ. 1.50 ലക്ഷം ഉപഭോക്താക്കളുടെ വൈദ്യുതി വിതരണമാണ് അഞ്ചുദിവസം കൊണ്ടുനിലച്ചത്. അപകട സാദ്ധ്യത കണക്കിലെടുത്ത് 700 ട്രാൻസ്ഫോമറുകൾ ഓഫാക്കിയപ്പോൾ പത്ത് എണ്ണം നശിച്ചുപോയി. നിരവധി സ്ഥലങ്ങളിൽ ലൈൻ പൊട്ടിവീണിരുന്നു. സബ് സ്റ്റേഷനുകളിൽ നിന്ന് വിവിധ ഫീഡറുകളിലേക്കുള്ള വൈദ്യുതി വിതരണം പുന:സ്ഥാപിച്ച് കൊണ്ടിരിക്കുകയാണ്. വ്യക്തിഗത തകരാറുകൾ ഭൂരിഭാഗവും പരിഹരിക്കാനായി. വെള്ളം ഇറങ്ങാത്ത പ്രദേശങ്ങളിലെ വൈദ്യുതി വിതരണമാണ് ഇപ്പോൾ തടസപ്പെട്ടിരിക്കുന്നത്. വൈദ്യുതി ആഘാതമേറ്റ് തിരുവല്ലയിൽ ഒരാൾ മരണപ്പെട്ടു. ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാനാണ് ആദ്യം തന്നെ വൈദ്യുതി വിച്ഛേദിക്കുന്നത്. എന്നാൽ ഇത് വലിയ പരാതികൾക്ക് ഇടയാക്കാറുണ്ടെന്നും കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.
വള്ളത്തിലെത്തി തകരാർ പരിഹരിച്ചു
ഉരുൾപൊട്ടലും വേഗത്തിലുള്ള വെള്ളംവരവും കെ.എസ്.ഇ.ബിക്ക് വലിയ നഷ്ടംവരുത്തി. ചില പോസ്റ്റുകൾ വെള്ളത്തിനടിയിലായതും ട്രാൻസ്ഫോമറുകളിൽ വെള്ളം കയറിയതും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ വലച്ചു. രക്ഷാപ്രവർത്തകരുടെ ബോട്ടിലും ചെറുവള്ളങ്ങളിലുമെത്തിയാണ് പ്രളയബാധിത മേഖലയിൽ തകരാറുകൾ ജീവനക്കാർ പരിഹരിച്ചത്.
തകർന്നത്
ലോ ടെൻഷൻ പോസ്റ്റുകൾ : 333
ട്രാൻസ്ഫോമറുകൾ : 10
റാന്നി, ആറൻമുള, മണിപ്പുഴ, തോട്ടഭാഗം, തിരുവല്ല
ഭാഗങ്ങളിലാണ് കൂടുതൽ നാശനഷ്ടം.
ഭൂരിഭാഗം പ്രദേശത്തും വൈദ്യുതി വിതരണം പുനസ്ഥാപിച്ചിട്ടുണ്ട്. മറ്റ് ജോലികൾ നടക്കുന്നുമുണ്ട്. വെള്ളമിറങ്ങാത്ത സ്ഥലങ്ങളിലെ പ്രശ്നമേ ഇപ്പോഴുള്ളു. ഉടൻ തന്നെ എല്ലാം പരിഹരിക്കും.
കെ.എസ്.ഇ.ബി അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |