SignIn
Kerala Kaumudi Online
Sunday, 13 September 2026 2.44 PM IST

നീറ്റ് പരീക്ഷക്കെത്തിയ ഡോക്ടറുടെ സ‌ർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു, തുണയായത് ചെങ്ങന്നൂർ പൊലീസ്

333
പി.ജി. നീറ്റ് പരീക്ഷാർഥിയായ ഡോ. അനസിന് സഹായവുമായി ചെങ്ങന്നൂർ പൊലീസ്; പരീക്ഷയ്ക്ക് ആവശ്യമായ സർട്ടിഫിക്കറ്റ് പകർപ്പ് കൈമാറിയപ്പോൾ.

ചെങ്ങന്നൂർ: പി.ജി.നീറ്റ് പരീക്ഷ എഴുതാനെത്തിയ ഡോക്ടറുടെ സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ നഷ്ടപ്പെട്ടതിനെ തുടർന്ന് അവസാന നിമിഷത്തിൽ സഹായവുമായി ചെങ്ങന്നൂർ പൊലീസ്. കായംകുളം കൃഷ്ണപുരം സ്വദേശിയും അലോപ്പതി ഡോക്ടറുമായ ഡോ.അനസിനാണ് പൊലീസിന്റെ സമയോചിത ഇടപെടൽ തുണയായത്. ചെങ്ങന്നൂർ പ്രൊവിഡൻസ് എൻജിനീയറിംഗ് കോളജിൽ ഞായറാഴ്ച രാവിലെ 8.15ഓടെയാണ് ഡോ.അനസ് പി.ജി.നീറ്റ് പരീക്ഷ എഴുതാനെത്തിയത്. പരീക്ഷയ്ക്കാവശ്യമായ സർട്ടിഫിക്കറ്റുകളുടെ രണ്ട് പകർപ്പുകൾ അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതോടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയാതെ അദ്ദേഹം നിസഹായനായി. രാവിലെ 9 ന് പരീക്ഷാ ഹാളിൽ പ്രവേശിക്കേണ്ടതിനാൽ എന്തുചെയ്യണമെന്നറിയാതെ നിന്ന അനസ് എസ്.ഐമാരായ സജികുമാറിനെയും ബാലകൃഷ്ണനെയും സമീപിച്ച് സർട്ടിഫിക്കറ്റിന്റെ പകർപ്പ് എടുക്കാൻ സഹായിക്കാമോയെന്ന് അഭ്യർത്ഥിച്ചു. സമയം വളരെ കുറവായതിനാൽ പൊലീസ് ഉടൻ തന്നെ സഹായവുമായി രംഗത്തെത്തി. പൊലീസ് ഇൻസ്പെക്ടർ അനുരാജിന്റെ നിർദേശപ്രകാരം ബൈക്ക് പട്രോളിംഗിലുണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശ്യാംകുമാറും കലേഷ് കല്യാണിയും സ്റ്റേഷനിലെത്തി സർട്ടിഫിക്കറ്റിന്റെ പകർപ്പ് പ്രിന്റ് എടുത്തു. തുടർന്ന് സി.ആർ.വി. വാഹനത്തിൽ കോളജിലെത്തിച്ച് പകർപ്പ് ഡോ. അനസിന് കൈമാറി. പൊലീസിന്റെ സമയോചിത ഇടപെടലിലൂടെ പരീക്ഷാ ഹാളിൽ കൃത്യസമയത്ത് പ്രവേശിച്ച് പരീക്ഷ എഴുതാൻ ഡോ. അനസിന് സാധിച്ചു. അവസാന നിമിഷത്തിൽ സഹായിച്ച ചെങ്ങന്നൂർ പൊലീസിനോട് ഏറെ നന്ദിയുണ്ടെന്ന് ഡോ.അനസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL