SignIn
Kerala Kaumudi Online
Wednesday, 23 September 2026 2.34 PM IST

മനയ്ക്കച്ചിറ പാലത്തിന് ഇനി സുരക്ഷയുടെ വലയം ലക്ഷ്യം യാത്രക്കാരുടെ സുരക്ഷയും മണിമലയാറിന്റെ സംരക്ഷണവും

fencing
പൊതുമരാമത്ത് വകുപ്പിന്റെ മനയ്ക്കച്ചിറ പാലത്തിൽ ഫെൻസിംഗ് നിർമ്മാണം തുടങ്ങിയപ്പോൾ

തിരുവല്ല : യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മണിമലയാറിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനുമായി മനയ്ക്കച്ചിറ പാലത്തിൽ ഫെൻസിംഗ് നിർമ്മാണം തുടങ്ങി. ടി.കെ.റോഡിലെ മനയ്ക്കച്ചിറയിൽ നിന്ന് കുറ്റൂരിലേക്കുള്ള റോഡിൽ മണിമലയാറിന് കുറുകെയുള്ള മനയ്ക്കച്ചിറ പാലത്തിൽ ഇന്നലെയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ചാണ് ഫെൻസിംഗ് ഒരുക്കുന്നത്. കൊല്ലം മേജർ ഇറിഗേഷൻ വകുപ്പിന്റെ മേൽനോട്ടത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഒരു മാസത്തിനുള്ളിൽ ഫെൻസിംഗ് നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ഫെൻസിംഗ് രണ്ടര മീറ്റർ ഉയരത്തിൽ

പാലത്തിന്റെ ഇരുവശങ്ങളിലുമായി 125 മീറ്റർ വീതം നീളത്തിലും രണ്ടര മീറ്റർ ഉയരത്തിലുമാണ് സുരക്ഷാവേലി നിർമ്മിക്കുന്നത്. ജി.ഐ. പൈപ്പുകൾ ഉപയോഗിച്ച് ചതുരക്കള്ളികൾ തയാറാക്കി അതിനുള്ളിൽ പ്ലാസ്റ്റിക് പൊതിഞ്ഞ നെറ്റ് സ്ഥാപിക്കുന്ന രീതിയിലാണ് നിർമ്മാണം. പാലത്തിൽ നിന്ന് നദിയിലേക്ക് ചാടുന്നത് ഉൾപ്പെടെയുള്ള അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനൊപ്പം വാഹനങ്ങളിലും മറ്റും കൊണ്ടുവരുന്ന മാലിന്യങ്ങൾ പുഴയിലേക്ക് വലിച്ചെറിയുന്നത് തടയുകയെന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. പാലത്തിലൂടെ കടന്നുപോകുന്ന യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കാനും ഫെൻസിംഗ് സഹായകമാകും. തിരുവല്ല - മാവേലിക്കര റോഡിലെ പരുമല പന്നായി പാലത്തിലും സമാന രീതിയിൽ ഫെൻസിംഗ് നേരത്തെ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ മാതൃകയിലാണ് മനയ്ക്കച്ചിറ പാലത്തിലും സുരക്ഷാവേലി ഒരുക്കുന്നത്. മണിമലയാറിന്റെ തീരവും ജലസ്രോതസും സംരക്ഷിക്കുന്നതിനൊപ്പം പാലത്തിലൂടെയുള്ള യാത്ര കൂടുതൽ സുരക്ഷിതമാക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണ് പദ്ധതി നടപ്പാക്കുന്നത്. സുരക്ഷയ്‌ക്കൊപ്പം പുഴയിലേക്ക് മാലിന്യം തള്ളുന്ന പ്രവണതയ്ക്കും തടയിടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

.....................................

125 മീറ്റർ നീളത്തിൽ ഫെൻസിംഗ്

നിർമ്മാണച്ചെലവ് 15 ലക്ഷം

നിർമ്മാണകാലാവധി 1 മാസം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL