തിരുവല്ല : മുന്നണികൾ മാറി ഭരിച്ചിട്ടും റോഡിന്റെ ദുരിതത്തിന് മാത്രം മാറ്റമില്ല. ആറാട്ടുകടവ് - വട്ടവങ്ങാട്ടിൽപ്പടി - പുത്തൻപുരപ്പടി റോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് 15 വർഷത്തിലേറെയായി. ഒന്നര കിലോമീറ്ററോളം വരുന്ന റോഡിലൂടെ വാഹനയാത്രയും കാൽനടയാത്രയും ഒരുപോലെ ദുഷ്കരമായിട്ടും ശാശ്വത പരിഹാരത്തിന് നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. ആറാട്ടുകടവിൽ നിന്ന് യാത്ര തുടങ്ങുമ്പോൾ തന്നെ റോഡിന്റെ ശോചനീയാവസ്ഥയും തുടങ്ങും. വാഹനത്തിൽ പോകാനും കാൽനടയായി സഞ്ചരിക്കാനും ബുദ്ധിമുട്ടാണ്. അത്യാവശ്യത്തിന് ഓട്ടോ വിളിച്ചാൽ പോലും വരാൻ മടിക്കുന്നു. റോഡിലെ കുഴികളിൽ വീണ് അപകടത്തിൽപ്പെട്ടവരും ഏറെയാണ്. വർഷങ്ങളായി നാട്ടുകാർ ഉന്നയിക്കുന്ന ആവശ്യത്തിന് താത്കാലിക അറ്റകുറ്റപ്പണികൾക്കപ്പുറം ശാശ്വത പരിഹാരമുണ്ടാകുന്നില്ല. മഴക്കാലത്ത് റോഡിന്റെ സ്ഥിതി കൂടുതൽ ദുരിതപൂർണമാകുന്നു. കൂടുതൽ ഫണ്ട് അനുവദിച്ച് റോഡിന്റെ തകർച്ച പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
....................................................................
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് വട്ടവങ്ങാട്ടിൽപ്പടിയിലെ കുഴികൾ നികത്തി. 65 മീറ്റർ ഭാഗത്ത് ഇന്റർലോക്ക് ചെയ്യാൻ പഞ്ചായത്ത് 2.5 ലക്ഷം രൂപ ചെലവഴിച്ചു. കോയിക്കൽപ്പടിയിൽ നിന്ന് പ്ലാന്തറപ്പടി വരെ 200 മീറ്റർ ടാർ ചെയ്യാൻ 6.25 ലക്ഷം രൂപയും ചെലവഴിച്ചു. കൂടാതെ നാട്ടുകാരിൽ നിന്ന് 19,000 രൂപ പിരിവെടുത്ത് കുഴികൾ അടച്ചു. എന്നാൽ റോഡിന്റെ വലിയൊരു ഭാഗം ഇപ്പോഴും തകർന്ന നിലയിലാണ്.അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണം.
ശ്രീവല്ലഭൻ നായർ
(മുൻ മെമ്പർ )
............................................
രണ്ടുതവണ വീണു. ഒരിക്കൽ കൈ ഒടിഞ്ഞു. തകർന്ന റോഡിലൂടെയുള്ള യാത്ര ഇപ്പോൾ ഒഴിവാക്കി. കുറ്റൂരിൽ അത്യാവശ്യത്തിന് പോകേണ്ടിവന്നാലും ദൂരം കൂടുതലുള്ള തെങ്ങേലി വഴിയാണ് പോകുന്നത്.
ബിന്ദു കെ.കുറുപ്പ്
മേപ്പള്ളിൽ
.....................................
റോഡിലെ കുഴികൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കും കാരണമാകുന്നു. ദിവസവും വാഹനങ്ങൾക്ക് ഷോക്ക് അബ്സോർബറിന്റെ പണിയാണ്. ഒരു കിലോമീറ്റർ യാത്രയ്ക്ക് അരമണിക്കൂർ വരെ വേണ്ടിവരും. വേഗത്തിൽ പോയാൽ വാഹനത്തിന് കേടുപാടുണ്ടാകും.
ജയകുമാർ തോമ്പുങ്കാൽ
(കൃഷ്ണകുമാർ പ്ലാന്തറ)
.....................................
15 വർഷമായി തകർന്ന റോഡ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |