SignIn
Kerala Kaumudi Online
Thursday, 01 October 2026 2.58 AM IST

റേഷൻ വാങ്ങാത്തവ മരവിപ്പിക്കുന്നു, 1531 റേഷൻ കാർഡുകൾ ജില്ലയിൽ റദ്ദാക്കും

card

പത്തനംതിട്ട : ആറുമാസം റേഷൻ വാങ്ങാത്ത കാർഡുകൾ മരവിപ്പിക്കാനുള്ള നീക്കത്തിൽ ജില്ലയിൽ ഇതുവരെ നടത്തിയ പരിശോധനയിൽ 1531 എണ്ണം റദ്ദാക്കും. തുടർന്ന് കാർഡ് ഉടമകൾക്ക് റേഷൻ ആനുകൂല്യങ്ങൾ ലഭ്യമാകില്ല. കേന്ദ്ര - സംസ്ഥാന ഭക്ഷ്യവകുപ്പുകൾ സംയുക്തമായി നടപ്പാക്കുന്ന സ്മാർട്ട് പി.ഡി.എസ് പദ്ധതിയുടെ ഭാഗമായാണ് ഈ കടുത്ത നടപടി. ഇന്ന് മുതൽ നടപടി ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇനിയും സമയം നൽകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. കാർഡുകളുടെ പരിശോധന ജില്ലയിൽ ഇതുവരെ പൂർത്തിയായിട്ടില്ല. ആദ്യഘട്ടത്തിൽ 15,503 കാർഡുകൾ പരിശോധിച്ച് നടപടിയെടുക്കാനാണ് നിർദേശിച്ചിരുന്നത്. ഇതുവരെ 3439 കാർഡുകളെ പരിശോധനയ്ക്ക് വിധേയമായിട്ടുള്ളു. ഇതിൽ 1908 കാർഡുകൾ റേഷന് അർഹരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയിൽ കഴിയുന്നതും സാമ്പത്തികവും അല്ലാതെയുമുള്ള പ്രശ്നങ്ങളിൽപ്പെട്ടവരെയാണ് അർഹരാണെന്ന് കണ്ടെത്തിയിട്ടുള്ളത്.

3 മാസം സാവകാശം
ആറുമാസമായി റേഷൻ വാങ്ങാത്ത കാർഡുകൾ ആദ്യഘട്ടത്തിൽ താൽകാലികമായി സസ്‌പെൻഡ് ചെയ്യും. ഈ കാർഡുകൾ തിരികെ സജീവമാക്കാൻ ഉടമകൾക്ക് 3 മാസത്തെ സമയം അനുവദിക്കും. ഈ മൂന്ന് മാസത്തിനകം കാർഡിലെ മുഴുവൻ അംഗങ്ങളും റേഷൻ കടകളിൽ നേരിട്ടെത്തി ബയോമെട്രിക് ഇ.കെ.വൈ.സി മസ്റ്ററിംഗ് പൂർത്തിയാക്കണം. നിശ്ചിത സമയത്തിനകം മസ്റ്ററിംഗ് നടത്താത്ത കാർഡുകളാണ് റദ്ദാക്കുന്നത്.

നടപടി നേരിടുന്ന കാർഡുകൾ

1. ആധാർ ഇരട്ടിപ്പുകൾ

പരിശോധനയിൽ ഒരേ വ്യക്തിയുടെ പേര് ഒന്നിലധികം കാർഡുകളിൽ കണ്ടെത്തിയാൽ അത്തരം കാർഡുകൾ.

2. അനർഹമായ മുൻഗണനാ കാർഡുകൾ

സാമ്പത്തിക ശേഷിയുണ്ടായിട്ടും മഞ്ഞ (എ.എ.വൈ), പിങ്ക് (പി.എച്ച്.എച്ച്) കാർഡുകൾ അനർഹമായി കൈവശം വച്ചിരിക്കുന്നവർ.

3.വിവരങ്ങൾ പുതുക്കാത്തവ

കാർഡിലുള്ള അംഗം മരണപ്പെട്ടിട്ടും പേര് ഒഴിവാക്കാത്ത കാർഡുകളും, സ്ഥിരമായി താമസം മാറിയിട്ടും അഡ്രസ്സ് മാറ്റാത്ത കാർഡുകളും വിദേശത്തോ മറ്റു ജില്ലകളിലോ ജോലി ചെയ്യുന്നവരും.

ജില്ലയിലെ ആകെ റേഷൻ കാർഡുകൾ : 3,67,715

പരിശോധിക്കാൻ നിർദേശിച്ചവ : 15503

പരിശോധിച്ച കാർഡുകൾ : 3439

നടപടി നേരിടേണ്ട കാർഡുകൾ : 1531

പരിശോധിച്ചതിൽ റേഷന് അർഹരായവർ : 1908

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL