SignIn
Kerala Kaumudi Online
Tuesday, 20 October 2026 5.19 AM IST

ഏഴംകുളത്ത് വേണം പൊതുശ്മശാനം, അന്ത്യവിശ്രമത്തിന് വേണം ആറടിമണ്ണ്

latheef
ഇ എ ലത്തീഫ്

ഏഴംകുളം : രണ്ടും മൂന്നും സെന്റിൽ താമസിക്കുന്നവർ സംസ്കാര ചടങ്ങിന് ഭൂമിയില്ലാതെ ബുദ്ധിമുട്ടുന്നത്

ഏഴംകുളം പഞ്ചായത്തിൽ പുതിയ കാര്യമല്ല. പൊതുശ്മശാനമില്ലാത്തതിനാൽ അന്ത്യവിശ്രമത്തിന് ഇടമൊരുക്കാൻ ബഡ്ജറ്റിൽ തുക വകയിരുത്താറുണ്ടെങ്കിലും തുടർനടപടികൾ ഉണ്ടാകാത്തതാണ് പദ്ധതി യാഥാർത്ഥ്യമാകാത്തതിന് കാരണം. 2024 - 25 വർഷത്തെ ബഡ്ജറ്റിലും ശ്മശാനം ഇടംപിടിച്ചെങ്കിലും പതിവുപോലെ കടലാസിലൊതുങ്ങി.

സംസ്കാരത്തിന് സൗകര്യമില്ലാത്ത ഏഴംകുളത്തുകാർ മുമ്പ് ഏറത്ത് പഞ്ചായത്തിലെ പൊതുശ്മശാനത്തെയാണ് ആശ്രയിച്ചിരുന്നത്. ഇതിനായി പഞ്ചായത്ത് 3000 രൂപ ഈടാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി ഈ ശ്മശാനവും പ്രവർത്തനസജ്ജമല്ല. ഈ അടുത്തകാലത്ത് മൃതദേഹം സംസ്കരിക്കാൻ ഇടമില്ലാതെ വന്നപ്പോൾ കൊല്ലം ജില്ലയിലെ പുനലൂരിൽ എത്തിച്ചാണ് അന്ത്യകർമ്മങ്ങൾ നടത്തിയത്.

മറ്റുസ്ഥലങ്ങളിൽ സംസ്കരിക്കുമ്പോൾ സാങ്കേതികമായ ചില പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ അനുമതി സംസ്കാരത്തിന് ആവശ്യമാണ്. അവധിദിവസങ്ങളിൽ അനുമതി ലഭിക്കാനുള്ള ബുദ്ധിമുട്ട് സംസ്കാരം വൈകാൻ കാരണമാകുന്നു.

കൂടാതെ മരണ സർട്ടിഫിക്കറ്റ് ലഭിക്കാനും കാലതാമസമുണ്ടാകാറുണ്ട്. ശ്മശാനത്തിന് ഭൂമി കണ്ടെത്താനും ആവശ്യമായ അനുമതികൾ ലഭ്യമാകാനും ജില്ലാകളക്ടർക്ക് പരാതി നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഭൂമിയാണ് പ്രശ്നം

പൊതുശ്മശാനങ്ങൾ സ്ഥാപിക്കുന്നതിനും ഭൂമി കണ്ടെത്തുന്നതിനുമായി കേരള പഞ്ചായത്ത് രാജ് / മുനിസിപ്പാലിറ്റി (ബറിയൽ ആന്റ് ബേണിംഗ് ഗ്രൗണ്ട്സ്) ചട്ടങ്ങൾ പ്രകാരമുള്ള മാനദണ്ഡങ്ങൾ

പാലിക്കേണ്ടതുണ്ട്. ഇതുപ്രകാരമുള്ള ഭൂമി കണ്ടെത്താനാകാത്തതാണ് ശ്മശാന നിർമ്മാണം വൈകാൻ പ്രധാന കാരണം. കൂടാതെ സർക്കാർ നിശ്ചയിച്ചിട്ടുള്ള വിലയ്ക്ക് ഭൂമി നൽകാൻ ഭൂവുടമകൾ തയ്യാറാകാത്തതും സ്ഥലം കണ്ടെത്തുന്നതിന് തടസമാകുന്നു.

ഭൂമി ലഭിക്കാൻ വ്യാപകമായ അന്വേഷണം തുടരുകയാണ്. അടുത്ത ബഡ്ജറ്റിലും തുക വകയിരുത്തും.

ഇ.എ.ലത്തീഫ്

ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

ഭൂമി ഇല്ലാത്തവർ മരിച്ചാൽ ഭീമമായ ഫീസ് ഒടുക്കി അന്യജില്ലയിൽ കൊണ്ടുപോയി സംസ്കരിക്കേണ്ട ഗതികേടാണുള്ളത്. പഞ്ചായത്ത്‌ അധികൃതരുടെ കെടുകാര്യസ്ഥതയാണിത്.

അനിൽ നെടുമ്പള്ളിൽ

(ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് )

പൊതുശ്മശാന നിർമ്മാണം : പ്രധാന മാനദണ്ഡങ്ങൾ

1. ജനവാസ മേഖലയിൽ നിന്ന് കൃത്യമായ അകലം പാലിക്കണം.

2. ജില്ലാ കളക്ടറുടെ ലൈസൻസും അനുമതിയും
3. ഭൂമിയുടെ ലഭ്യതയും യാത്രാസൗകര്യവും
4. പ്ലാനും രേഖകളും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL