
തിരുവല്ല : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നാളെ വിജയദശമി നാളിൽ വിവിധ ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭത്തിനായി ഒരുക്കങ്ങളായി. എസ്.എൻ.ഡി.പി യോഗം 594-ാം പെരിങ്ങര ഗുരുവാണീശ്വരം ശാഖയുടെ സരസ്വതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം നാളെ സമാപിക്കും. ഇന്നും നാളെയും രാവിലെ 6.30ന് അഷ്ടദ്രവ്യ ഗണപതിഹോമം, 8 മുതൽ ദേവീഭാഗവത പാരായണം, വൈകിട്ട് 6.45ന് വിശേഷാൽ ദീപാരാധന, സരസ്വതീപൂജ, കുങ്കുമാഭിഷേകം എന്നിവയുണ്ടാകും. ഇന്ന് ആയുധപൂജയും നാളെ പൂജയെടുപ്പും വിദ്യാരംഭവും ഉണ്ടായിരിക്കും. പഞ്ചാമൃതാഭിഷേകവും കലശാഭിഷേകവും നടത്തി പ്രസാദം വിതരണം ചെയ്യും. തന്ത്രി പെരുന്ന സന്തോഷ് ശാന്തിയും മേൽശാന്തി ശാം ശാന്തിയും കാർമ്മികരാകും.
ചക്കുളത്തുകാവ് ഭഗവതിക്ഷേത്രത്തിൽ നവരാത്രിയോട് അനുബന്ധിച്ച് നടത്തിവരുന്ന ചക്കുളത്തമ്മ നൃത്തസംഗീതോത്സവം നാളെ സമാപിക്കും. ദിവസവും വൈകിട്ട് കേരളത്തിന് അകത്തും പുറത്തും നിന്നുമുള്ള പ്രഗത്ഭ സംഗീതജ്ഞരുടെ സംഗീതാരാധന നടക്കും. ദീപാരാധനയ്ക്ക് ശേഷം നൃത്തപരിപാടിയും ഉണ്ടായിരിക്കും. നാളെ സരസ്വതീ പൂജയും വിദ്യാരംഭവും നടക്കും. ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും.
എസ്.എൻ.ഡി.പി യോഗം 100-ാം മുത്തൂർ ശാഖയിൽ നവരാത്രി ആഘോഷവും ശ്രീനാരായണ കലോത്സവവും നടക്കും. കുടുംബയൂണിറ്റ് അടിസ്ഥാനത്തിൽ നടക്കുന്ന ശ്രീനാരായണ കലോത്സവം ഇന്ന് സമാപിക്കും. വൈകിട്ട് 6.30ന് പൊതുസമ്മേളനം അഡ്വ.വർഗീസ് മാമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ സമ്മാനദാനം നടത്തും. ബി.ജെ.പി സംസ്ഥാന ജനറൽസെക്രട്ടറി അനൂപ് ആന്റണി മുഖ്യാതിഥിയാകും. നാളെ രാവിലെ പൂജയെടുപ്പ്. വൈകിട്ട് 7ന് ഗുരുദേവ നഗറിൽ നിന്ന് ശാഖയുടെ സരസ്വതീ ക്ഷേത്രത്തിലേക്ക് താലപ്പൊലി ഉണ്ടായിരിക്കും.
വള്ളംകുളം നന്നൂർ ദേവീക്ഷേത്രത്തിൽ വിജയദശമിയോടനുബന്ധിച്ച് നാളെ രാവിലെ 7.30ന് പൂജയെടുപ്പും തുടർന്ന് വിദ്യാരംഭവും നടക്കും.
മതിൽഭാഗം ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് 12.30ന് സമൂഹസദ്യ. 5.30ന് വഞ്ചിപ്പാട്ട് , 5.45ന് അവഭൃഥസ്നാനം, 6.30ന് പുഷ്പാഭിഷേകം. 6.45ന് വിശേഷാൽ ദീപാരാധന,7ന് ഭക്തിഗാന തരംഗിണി. നാളെ രാവിലെ 7ന് പിന്നൽ തിരുവാതിര, കൈകൊട്ടിക്കളി. 7.30നും 8.20ന് മദ്ധ്യേ പൂജയെടുപ്പ്, വിദ്യാരംഭം 11.30ന് ചണ്ഡികാഹോമം.12.45ന് കുമാരിപൂജ. വൈകിട്ട് 6ന് സെമി ക്ലാസിക്കൽ ഡാൻസ്, 7ന് ഭക്തിഗാനമേള.
നിരണം കണ്ണശ്ശ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കണ്ണശ്ശ പറമ്പിൽ നാളെ രാവിലെ 7മുതൽ വിദ്യാരംഭം കുറിക്കും. അഡ്വ.കെ.അനന്തഗോപൻ, എം.പി ഗോപാലകൃഷ്ണൻ, അഡ്വ.ഫ്രാൻസിസ് വി.ആന്റണി, പ്രൊഫ.എ.ടി.ളാത്തറ, എ.ഇ.ഓ വി.കെ.മിനികുമാരി, അദ്ധ്യാപകരായ കെ.എം.രമേശ്കുമാർ, ജ്യോതിലക്ഷ്മി, ഡോ.റാണി ആർ.നായർ, ഡോ.വർഗീസ് മാത്യു, പ്രൊഫ.കെ.വി.സുരേന്ദ്രനാഥ് എന്നിവർ ആദ്യക്ഷരം കുറിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |