
പോത്തൻകോട്: കനത്ത മഴയിൽ ചെറുവല്ലി ഹിദായത്ത് റോഡ് വെള്ളക്കെട്ടായി മാറിയതോടെ ജനം ദുരിതത്തിൽ. മാണിക്കൽ പഞ്ചായത്തിലെ ശാന്തിഗിരി വാർഡിൽ ഉൾപ്പെടുന്നതാണ് ചെറുവല്ലി ഹിദായത്ത് നഗർ. ചെറിയ മഴയത്ത് പോലും ഇതുവഴി യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു. സമീപ സ്ഥലങ്ങളിലേക്കും കഴക്കൂട്ടം-വെട്ടുറോഡ് ബൈപ്പാസ് ഭാഗത്തേക്കും ഈ റോഡുവഴി എത്തിച്ചേരാനാകും.
റോഡിന് സമീപത്തെ കൈയേറ്റം കാരണം മഴവെള്ളം ഒഴുകിപ്പോകാൻ തടസമുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. അപകടകരമായ നിലയിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഇരുചക്ര വാഹനയാത്രപോലും അസാദ്ധ്യമാണ്. പകർച്ചവ്യാധി ഭീഷണിയുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. ഇതുസംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡന്റിനും മറ്റ് ബന്ധപ്പെട്ട അധികാരികൾക്കും നിരവധി തവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നാണ് ആരോപണം. കാലവർഷം ശക്തമാകുന്നതിന് മുമ്പ് റവന്യൂ വകുപ്പിന്റെ സഹായത്തോടെ റോഡ് അളന്ന് തിട്ടപ്പെടുത്തി കൈയേറ്റം നീക്കുകയും റോഡ് ഗതാഗത യോഗ്യമാക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തീരാതെ ദുരിതം
വെള്ളക്കെട്ടുള്ള ഭാഗത്തെ വശങ്ങളിലൂടെ നടക്കാനോ സുരക്ഷിതമായി കടന്നുപോകാനോ സൗകര്യവുമില്ല. സ്‌കൂളുകളിലേക്കും ആശുപത്രികളിലേക്കുമുള്ള അത്യാവശ്യ യാത്രകളും ഇതോടെ പ്രതിസന്ധിയിലായി. ഓട്ടോകൾ പോലും വരാത്ത അവസ്ഥയാണെന്നും നാട്ടുകാർ പറയുന്നു.
റോഡിന്റെ വീതി കുറഞ്ഞു
റവന്യൂ രേഖകൾ പ്രകാരം ഈ പുറമ്പോക്ക് റോഡിന് 7 മുതൽ 9.5 മീറ്റർ വരെ വീതിയുണ്ട്. എന്നാൽ നിലവിൽ ചില ഭാഗങ്ങളിൽ വീതി 3.5 മുതൽ 4 മീറ്റർ വരെയായി ചുരുങ്ങിയെന്നാണ് നാട്ടുകാരുടെ പരാതി. മാണിക്കൽ പഞ്ചായത്തിലെ ബ്ലോക്ക് നമ്പർ 27ൽ ഉൾപ്പെടുന്ന വിവിധ സർവേ നമ്പറുകളിലായി റോഡ് വ്യാപിച്ചുകിടക്കുന്നതായി രേഖകൾ വ്യക്തമാക്കുന്നുണ്ട്. 1990ൽ പുറമ്പോക്ക് കൈയേറ്റവുമായി ബന്ധപ്പെട്ട് കേസ് നടന്നതായും കോടതി നിർദ്ദേശപ്രകാരം ഭൂമി അളന്ന് അതിർത്തിക്കല്ലുകൾ സ്ഥാപിച്ചെന്നും നാട്ടുകാർ വ്യക്തമാക്കി. റോഡിന്റെ ഇരുവശങ്ങളിലും കുറഞ്ഞത് ഒരു മീറ്റർ താഴ്ചയിൽ ഓടയോ കുഴിയോ നിർമ്മിച്ചാൽ വെള്ളക്കെട്ടിന് പരിഹാരം കാണാമെന്നും ഇവർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |