പാലോട്: കല്ലറ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ദിനംപ്രതി രൂക്ഷമാകുന്നു. നൂറുകണക്കിന് വ്യാപാരസ്ഥാപനങ്ങളും ആയിരക്കണക്കിന് വാഹനങ്ങളും കടന്നുപോകുന്ന പ്രധാന ജംഗ്ഷനിൽ പലപ്പോഴും വാഹനങ്ങളുടെ നീണ്ടനിരയാണ്.
ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പൊലീസും പഞ്ചായത്തും നേരത്തെ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായതോടെയാണ് പ്രശ്നം വീണ്ടും ചർച്ചയാകുന്നത്. കല്ലറ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 3000ത്തിലധികം കുട്ടികൾ പഠിക്കുന്നുണ്ട്. ഇതോടൊപ്പം ബസ് സ്റ്റാൻഡ്, ചന്ത, ടാക്സി-ഓട്ടോ സ്റ്റാൻഡുകൾ എന്നിവയും ജംഗ്ഷനിൽ തന്നെയാണ്. കടകളിലേക്ക് സാധനം ഇറക്കാൻ വരുന്ന ലോറികളും, ഷോപ്പിംഗിന് എത്തുന്നവരുടെ സ്വകാര്യ വാഹനങ്ങളും റോഡിന്റെ ഇരുവശങ്ങളിലും പാർക്ക് ചെയ്യുന്നതാണ് ഏറ്റവും വലിയ പ്രശ്നം.
ജംഗ്ഷനിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇതുവരെ പ്രത്യേക സൗകര്യം ഒരുക്കിയിട്ടില്ല. ഇതുകാരണം പകലും രാത്രിയും വാഹനങ്ങൾ ബസ് സ്റ്റാൻഡിനുള്ളിൽ വരെ കയറ്റിയിടുന്ന സ്ഥിതിയാണുള്ളത്. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും വന്നുപോകുന്ന സ്റ്റാൻഡിൽ ഈ അനധികൃത പാർക്കിംഗ് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഓണക്കാലം അടുക്കുന്നതോടെ ഗതാഗതക്കുരുക്ക് വഷളാകും, എന്നതിനാൽ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |