SignIn
Kerala Kaumudi Online
Monday, 10 August 2026 10.30 AM IST

ഷിജിനെ കാണാതായിട്ട് പത്ത് നാൾ, തെരച്ചിലിനായി കൽപേനി എത്തി

ship

ചിറയിൻകീഴ്: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശി ഷിജിനെ കാണാനായിട്ട് പത്ത് ദിവസം കഴിഞ്ഞിട്ടും ഇതുവരെ കണ്ടെത്താനായില്ല. ഇതോടെ ഷിജിനെ കണ്ടെത്താനായി നാവികസേനയുടെ കപ്പലായ കൽപേനി വൈകിട്ടോടെ മുതലപ്പൊഴിയിലെത്തി. അഴിമുഖത്തിന് അഭിമുഖമായി കടലിൽ നങ്കൂരമിട്ടു. നേവിയുടെ സ്കൂബാ ടീം ഇന്ന് രാവിലെ മുതൽ തെരച്ചിൽ നടത്തും. പുലിമുട്ടിന്റെ നീളം വർദ്ധിപ്പിച്ച ഭാഗത്തും അഴിമുഖത്തെ കർവിന്റെ ഭാഗത്തുമാണ് പ്രധാനമായും ഇന്ന് സ്കൂബാ ടീം തെരച്ചിൽ നടത്തുന്നത്. ഇന്നലെ രാവിലെ മുതൽ വിഴിഞ്ഞത്തുനിന്നുമെത്തിയ പ്രൊഫഷണൽ സ്കൂബാ ടീമിന്റെ തെരച്ചിൽ നടന്നിരുന്നു. പുലിമുട്ടിലെ വിടവുകൾക്കിടയിലും അഴിമുഖത്ത് വീണുകിടക്കുന്ന ടെട്രാപോഡുകൾ, വലകൾ എന്നിവകൾക്കിടയിലും സ്കൂബാ ടീം പരിശോധന നടത്തി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കടൽ ശാന്തമായതിനാൽ സ്കൂബാ ടീമിന് കൂടുതൽ സമയം പരിശോധന നടത്താൻ സാധിച്ചു. കൂടാതെ കോസ്റ്റൽ ഗാർഡിന്റെ ഡോർണിയർ വിമാനം,ഹെലികോപ്റ്റർ എന്നിവയും വട്ടമിട്ട് നിരീക്ഷണ പറക്കൽ നടത്തി. മറൈൻ എൻഫോഴ്സ്മെന്റ്,കോസ്റ്റൽ പൊലീസ്,മത്സ്യത്തൊഴിലാളികൾ എന്നിവരും സംയുക്തമായി തെരച്ചിലിൽ പങ്കാളികളായി.വൈകിട്ടോടെ ഇന്നലെത്തെ തെരച്ചിൽ മതിയാക്കി.നേവിയുടെ നേതൃത്വത്തിലുള്ള തെരച്ചിലാണ് ഇന്ന് പ്രധാനമായും നടക്കുന്നത്.

കളക്ടറുടെ സന്ദർശനം:

ഒഴുക്കിന്റെ പ്രവാഹം തെക്കോട്ടാണെന്നും കന്യാകുമാരി കളക്ടറുമായി സംസാരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ അനുകുമാരി അറിയിച്ചു. കൂടാതെ തമിഴ്നാട്ടിലെ തെക്കൻ പൊലീസ് സ്റ്റേഷനുകളിലും വിവരം അറിയിച്ചു. നേവി സ്കൂബാ ടീമിന്റെ നേതൃത്വത്തിലുള്ള തെരച്ചിൽ ഇന്ന് രാവിലെ മുതൽ ആരംഭിക്കും. മുതലപ്പൊഴി അപകടത്തിൽ മരിച്ച ഫ്രീമോൻ,കാണാതായ ഷിജിൻ എന്നിവരുടെ കുടുംബാംഗങ്ങളെയും കളക്ടർ സന്ദർശിച്ചു. ഷിജിന്റെ ഹൃദയസംബന്ധമായ അസുഖമുള്ള കുട്ടിയുടെ വിദഗ്ദ്ധ ചികിത്സ സർക്കാർ പരിഗണനയിലാണെന്നും തെരച്ചിലിന് പരമാവധി ഉപയോഗിക്കാവുന്ന എല്ലാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ടെന്നും കളക്ടർ ഷിജിന്റെ കുടുംബത്തെ ധരിപ്പിച്ചു. രമ്യഹരിദാസ് എം.എൽ.എ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഷീജാമേരി എന്നിവരും കളക്ടർക്കൊപ്പം സ്ഥലം സന്ദർശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL