നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവർക്ക് പരീക്ഷണക്കടമ്പയെന്ന് പരാതി. മെഡിക്കൽ ചെക്കപ്പ് ലാബുകളും ഡോക്ടറുമാരുടെ കൺസൾട്ടിംഗ് മുറികളും ഫാർമസിയും തേടി മണിക്കൂറുകളോളം അലഞ്ഞുതിരിയേണ്ട ഗതികേടിലാണ് രോഗികളും കൂട്ടിരിപ്പുകാരും.
അത്യാഹിത വിഭാഗത്തിലെത്തുന്ന ഒരു രോഗി ഡോക്ടറെ കണ്ട് യൂറിൻ ടെസ്റ്റിനോ, ബ്ലഡ് ടെസ്റ്റിനോ പോകണമെങ്കിൽ 150 മീറ്ററോളം നടന്ന് പുതുതായി പണികഴിപ്പിച്ച ബിൽഡിംഗിലെത്തണം.മൂന്നാം നിലയിലുള്ള ലാബിലെത്തുമ്പോൾ പണമടച്ചിട്ടു വരാൻ നിർദേശം ലഭിക്കും.തിരികെ 100മീറ്ററോളം നടന്ന് പ്രസവ വാർഡിന് സമീപമുള്ള കൗണ്ടറിലെത്തി പണമടയ്ക്കണം. വീണ്ടും മൂന്നാംനിലയിൽ തിരികെ വന്നാലേ ടെസ്റ്റുകൾ നടത്തിക്കിട്ടൂ.റിസൾട്ട് വാങ്ങി വീണ്ടും 150മീറ്ററോളം നടന്ന് ഡോക്ടറെ കാണാൻ ഒ.പി മുറിയിലെത്തണം.
ഡോക്ടറുടെ മരുന്ന് കുറിപ്പടിയുമായി പുതിയ കെട്ടിടത്തിൽ മടങ്ങിയെത്തി ഒന്നാം നിലയിലുള്ള ഫാർമസിയിലേക്ക് ഓടണം.നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ജെ.സി.ബി ഉപയോഗിച്ച് കുത്തിമറിച്ചിട്ടിരിക്കുന്ന മൺകൂനകൾക്കു നടുവിലൂടെ പൊടിയും വെയിലുമേറ്റ് വേണം രോഗികൾ സഞ്ചരിക്കാൻ. മഴചാറിയാൽ ആശുപത്രിയും പരിസരവും ചെളിക്കെട്ടായി മാറും.
പുതിയ കെട്ടിടത്തിൽ ലിഫ്റ്റ് സജ്ജമായിട്ടില്ല
പുതിയ കെട്ടിടത്തിൽ ലിഫ്റ്റ് സംവിധാനങ്ങൾ സജ്ജമാക്കിയിട്ടില്ല.അസുഖ ബാധിതരായി എത്തുന്നവരും വയോജനങ്ങളും പടവുകൾ കയറിയിറങ്ങേണ്ട അവസ്ഥയാണ്.ടെസ്റ്റുകൾക്കും മരുന്നിനുമായി രോഗികൾ അലഞ്ഞു നടക്കേണ്ടി വരുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.നേരത്തെ, വളരെ പെട്ടന്ന്മരുന്ന് ലഭിച്ചിരുന്ന ഫാർമസി കെട്ടിടം ഇപ്പോൾ 'കാരുണ്യ കമ്മ്യൂണിറ്റി ഫാർമസി'യാക്കി മാറ്റിയത് രോഗികൾക്ക് തിരിച്ചടിയാണ്.പഴയ കെട്ടിടത്തിൽ ഫാർമസി പുനഃസ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ അവഗണിക്കുകയാണ്.
പ്രധാന ആശ്രയം
മലയോര മേഖലയിലെ സാധാരണക്കാരുടെ ഏക ആശ്രയമാണ് നെടുമങ്ങാട് ജില്ലാശുപത്രി.അശാസ്ത്രീയമായ ക്രമീകരണങ്ങളും അസൗകര്യങ്ങളും കാരണം ഒ.പിയിൽ എത്തുന്നവരുടെ എണ്ണത്തിൽ വലിയ തോതിൽ കുറവ് വന്നതായി അധികൃതർ ശരിവയ്ക്കുന്നു. രോഗികൾ ചികിത്സ പൂർത്തിയാക്കാതെ മടങ്ങുന്ന നിലയിലേക്ക് ജില്ലാശുപത്രി കൂപ്പുകുത്തിയിരിക്കുകയാണ്.
89.46കോടി രൂപ കിഫ്ബി ഫണ്ട് ചെലവിട്ട് ആധുനിക സൗകര്യങ്ങളോടെയുള്ള മന്ദിരസമുച്ചയത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ അസൗകര്യങ്ങൾക്ക് പരിഹാരമാകുമെന്നാണ് അധികൃതരുടെ വിശദീകരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |