SignIn
Kerala Kaumudi Online
Saturday, 26 September 2026 7.32 PM IST

മഴ മാറി നിന്നു, നടനകലയുടെ തമ്പുരാന് നാട് വിടചൊല്ലി

nedumudi-venu

തിരുവനന്തപുരം: ഇന്നലെവരെ തോരാതെ പെയ്‌ത മഴ മാറിനിന്നതോടെ തിരശീലയിൽ ആടിത്തിമിർത്ത വേഷങ്ങൾ അഴിച്ചുവച്ച് യാത്രയാകുന്ന നെടുമുടിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ തലസ്ഥാനനഗരി ആർത്തലച്ചെത്തി. രാവിലെ 10 മുതൽ അയ്യങ്കാളി ഹാളിലേക്ക് (വി.ജെ.ടി) ഇടതടവില്ലാതെ ആരാധകരുടെയും സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും കുത്തൊഴുക്കായിരുന്നു. എത്തിയവരെല്ലാം തൊഴുകൈകളോടെ പ്രിയ വേണുവിന് യാത്രാമൊഴി ചൊല്ലി.

വിതുമ്പലടക്കി പിന്നിലേക്ക് മാറിയവരും, കണ്ണീർവാർത്ത് തോളുകളിൽ അഭയംകണ്ടെത്തിയവരും വി.ജെ.ടി ഹാളിലെ നൊമ്പരക്കാഴ്ചയായി. സർഗത്തിലെ ഭാഗവതരുടെ പ്രിയപുത്രൻ ഹരിദാസായി ജീവിച്ച നടൻ വിനീതിന് ഗുരുതുല്യനായ വേണുവിനെ കണ്ട് കരച്ചിലടക്കാനായില്ല. ഏറെ നേരം തൊഴുകൈയോടെ ശവമഞ്ചത്തിന് സമീപം നിന്ന വിനീത്, പിന്നീട് വേണുവിന്റെ മക്കൾക്കൊപ്പമിരുന്നു. ശാരീരിക അവശതകൾക്കിടയിലും പ്രിയ സുഹൃത്തിനെ ഒരുവട്ടം കൂടി കാണാനെത്തിയ ശ്രീനിവാസനും ടി.പി. മാധവനും നിറമിഴികളോടെയാണ് മടങ്ങിയത്.

രാവിലെ 10.15ഓടെ അയ്യങ്കാളി ഹാളിൽ പൊതുദ‌ർശനം ആരംഭിച്ചു. തിരക്ക് മാറിയ ഒരുനിമിഷംപോലും ഇല്ലായിരുന്നു. 11ന് മുഖ്യമന്ത്രിയെത്തി വേണുവിന്റെ മക്കളായ കണ്ണനെയും ഉണ്ണിയെയും ആശ്വസിപ്പിച്ചു. ഒരു മണിയോടെ പൊതുദർശനം പൂർത്തിയാക്കി മൃതദേഹം ശാന്തികവാടത്തിലേക്ക് കൊണ്ടുപോയ ശേഷവും റീത്തുകളുമായി ആരാധകർ അയ്യങ്കാളി ഹാളിലേക്കെത്തി.

കവി മധുസൂദനൻ നായർ, പ്രഭാവർമ, എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ, വിനോദ് വൈശാഖി, ചലച്ചിത്രപ്രവർത്തകരായ ഷോബി തിലകൻ, മണിക്കുട്ടൻ, ജി. കൃഷ്ണകുമാർ, ഭാഗ്യലക്ഷ്മി എന്നിവരും ജോൺ ബ്രിട്ടാസ്, എം.എം. ഹസൻ, സി. ദിവാകരൻ, കെ.കെ. ശൈലജ, എം. വിജയകുമാർ, എം.എം. മണി, പന്തളം സുധാകരൻ, ഒ. രാജഗോപാൽ, പാലോട് രവി, സി.പി. ജോൺ, മേയർ ആര്യാ രാജേന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ, ബിനോയ് വിശ്വം, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ,ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ്, എസ്.ആർ.പി സംസ്ഥാന സെക്രട്ടറി അഡ്വ. എ.എൻ. പ്രേംലാൽ, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ഗുരുരത്നം ജ്ഞാനതപസ്വി തുടങ്ങിയ പ്രമുഖർ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL